ഗസ്സയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കാനൊരുങ്ങി യുഎഇ
ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ പരിക്കേൽക്കുന്നവരുടെ ചികിത്സക്കായി ഗസ്സയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഫലസ്തീനികൾക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ആശുപത്രി സ്ഥാപിക്കാൻ ഉത്തരവിട്ടത്. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഈ സംരംഭം ഒരുക്കുന്നത്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി തിങ്കളാഴ്ച അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അഞ്ചും ചൊവ്വാഴ്ച ആറും വിമാനങ്ങൾ ഈജിപ്തിലേക്ക് പറന്നു. ഒന്നിലധികം ഘട്ടങ്ങളിലായാണ് 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സി.ടി സ്കാനിങ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സഹായ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടുള്ള പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സജ്ജീകരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)