Posted By user Posted On

യുഎഇ ഗ്ലോബൽ വില്ലേജിൽ ‘മിനി വേൾഡ്’ തുറന്നു: പുതിയ ആകർഷത്തെ കുറിച്ച് വിശദമായി അറിയാം

ദുബായ് : ഗ്ലോബൽ വില്ലേജിൽ ‘മിനി വേൾഡ്’ എന്ന പുതിയ ആകർഷണം സന്ദർശകർക്കായി തുറന്നു. പേരുപോലെ, ലോകമെമ്പാടുമുള്ള 25 പ്രധാന ലാൻഡ്മാർക്കുകളുടെ ചെറുപ്പകർപ്പാണ് മിനി വേൾഡ്. ഇതിൽ ബുർജ് അൽ അറബ്, ആർക് ഡി ട്രയോംഫ്, ഗിസയിലെ പിരമിഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ലാൻഡ്മാർക്കുകൾക്ക് ചുറ്റുമായി കിയോസ്‌കുകളും ഭക്ഷണ ട്രക്കുകളും ഉൾപ്പടെ 30 ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളുണ്ട്.

ആലി റസ്റ്ററന്റിന് പിന്നിലായി 10,300 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ ആകർഷണം സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി മിനി വേൾഡിൽ പ്രത്യേകം സൗകര്യങ്ങളുമുണ്ട്. ഗ്ലോബൽ വില്ലേജിലെ മറ്റൊരു പ്രധാന ആകർഷണമായ നിയോൺ ഗാലക്സി അഡ്വഞ്ചർ പാർക്ക് ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

ഏഴ് വയസ്സുമുതലുള്ള കുട്ടികൾക്കായി ആവേശകരവും സാഹസികവുമായ 10 സോണുകളാണ് പാർക്കിൽ രൂപകൽപന ചെയ്തിട്ടുളളത്. നിഞ്ച കോഴ്സ്, ഡോനട്ട് സ്ലൈഡ്, സൈക്ലോൺ സ്ലൈഡ്, എയർ കോസ്റ്റർ എന്നിങ്ങനെ രസകരമായ റൈഡുകളാണ് പാർക്കിലുള്ളത്.വിവിധ സംസ്കാരങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ സംഗമവേദിയെന്നാണ് ഗ്ലോബൽ വില്ലേജിനെ വിശേഷിപ്പിക്കുന്നത്. 27 പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങളുടെ മഹാമേള എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പിലും സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

ഡ്രാഗൺ തടാകത്തിലെ ലേസർ പ്രദർശനങ്ങൾ, ത്രീഡി പ്രദർശനങ്ങൾ, വാരാന്ത്യങ്ങളിലെ കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയയെല്ലാം പുതിയ പതിപ്പിന്റെ മാറ്റുകൂട്ടുന്നുണ്ട്.

ആഗോള ഗ്രാമത്തിലെ പ്രവേശന ടിക്കറ്റ് നിരക്ക് 22.5 ദിർഹം മുതൽ ലഭ്യമാണ്. ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും. ലോക സംസ്‌കാരങ്ങൾ ആഘോഷിച്ചുകൊണ്ട് ഏപ്രിൽ 28 വരെ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്നിരിക്കും. ഗ്ലോബൽ വില്ലേജിലെ ഏറ്റവും പുതിയ വാർത്തകൾക്കും വിവരങ്ങൾക്കും https://www.globalvillage.ae സന്ദർശിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *