ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ, വിധി ശിശുദിനത്തിൽ
ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമനാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള അഞ്ച് കുറ്റങ്ങളും തെളിഞ്ഞതാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ബാലികയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. മദ്യം നല്‍കിയശേഷം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്തുവെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് സമീപത്തെ ചതുപ്പിൽ തള്ളുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)