ദേശീയ ദിനാഘോഷം: യുഎഇയിൽ സ്വകാര്യമേഖലക്ക് രണ്ടുദിവസം അവധി
ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യമേഖലക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിംസംബർ രണ്ട്, മൂന്ന് (ശനി, ഞായർ) തീയതികളിലാണ് അവധി ലഭിക്കുക. കഴിഞ്ഞ വർഷം സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ ഒന്നിന് അധിക അവധി അനുവദിച്ചിരുന്നു. രക്തസാക്ഷി ദിനം എന്നറിയപ്പെട്ടിരുന്ന അനുസ്മരണ ദിനത്തിൻറെ ഭാഗമായാണ് ദേശീയദിന അവധി മൂന്ന് ദിനങ്ങൾ ലഭിച്ചത്. എന്നാൽ ഈ വർഷം ഡിസംബർ ഒന്ന് വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്.
യു.എ.ഇയുടെ 52ാം ദേശീയദിനത്തിൻറെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾക്ക് ഇത്തവണ ദുബൈ എക്സ്പോ സിറ്റിയാണ് വേദിയാകുന്നത്. സുസ്ഥിരവർഷാചരണം, ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവ കണക്കിലെടുത്താണ് ആഘോഷങ്ങൾ എക്സ്പോ സിറ്റിയിൽ സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ പരമ്പരാഗത നെയ്ത്തു രീതിയായ അൽ സദു നെയ്ത്തിനെ അടിസ്ഥാനമാക്കിയാണ് ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
1971ൽ ഐക്യ എമിറേറ്റുകൾ രൂപവത്കരിച്ചതു മുതൽ വർത്തമാന കാലംവരെയുള്ള നേട്ടങ്ങൾ സദു നെയ്ത്തിന്റെ വിവിധ തലങ്ങളിലൂടെ പ്രതീകാത്മകമായി വേദിയിൽ അവതരിപ്പിക്കും. ഔദ്യോഗിക ചടങ്ങ് എല്ലാ പ്രാദേശിക ടി.വി ചാനലുകളിലും ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)