യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുമായി അബൂദബി വിമാനത്താവളം
അബൂദബി വിമാനത്താവളത്തിലൂടെ ഈ വർഷം 2.2 കോടി യാത്രക്കാർ കടന്നുപോകുമെന്ന പ്രതീക്ഷയുമായി അധികൃതർ. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്കുകൾ പ്രകാരമാണ് ഈ പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായ ടെര്‍മിനല്‍ എയുടെ ഉദ്ഘാടനം അബൂദബിയെ ആഗോളതലത്തിലെ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും തന്ത്രപ്രധാന കേന്ദ്രമാകാൻ സഹായിച്ചുവെന്ന് വാര്‍ത്തസമ്മേളനത്തില്‍ അബൂദബി എയർപോർട്സ് മാനേജിങ് ഡയറക്ടറും ഇടക്കാല സി.ഇ.ഒയുമായ എലീന സോര്‍ലിനി പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രധാന പരിപാടികളും ശൈത്യകാലത്തിന്റെ ആരംഭവും ധാരാളം യാത്രികരെ അബൂദബിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അബൂദബി ഗ്രാൻഡ്പ്രീയും കോപ് 28മൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഡിസംബറില്‍ മാത്രം 23 ലക്ഷത്തോളം യാത്രികര്‍ അബൂദബിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
2022 ഒക്ടോബറിനെ അപേക്ഷിച്ച് 2023 ഒക്ടോബറില്‍ യാത്രികരുടെ എണ്ണത്തില്‍ 49 ശതമാനത്തോളം വര്‍ധനയുണ്ടായി. 2022ലെ വേനല്‍ക്കാലത്ത് 340 വിമാനങ്ങളായിരുന്നു പ്രതിദിന സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് 410 ആയി ഉയര്‍ന്നു.
ടിക്കറ്റ് വില്പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അഞ്ചു കേന്ദ്രങ്ങള്‍ മുംബൈ, ലണ്ടന്‍, ദോഹ, ഡല്‍ഹി, കൊച്ചി എന്നിവയാണ്. ഒരേസമയം 70 വിമാനങ്ങളും മണിക്കൂറില്‍ 11,000 യാത്രികരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ടെര്‍മിനല്‍ എക്ക്. 7,42,000 ചതുരശ്ര മീറ്ററില്‍ സജ്ജമാക്കിയ ടെര്‍മിനല്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണ്. പ്രതിവര്‍ഷം നാലരക്കോടി യാത്രക്കാരെ കൈകാര്യംചെയ്യാന്‍ ടെര്‍മിനലിന് ശേഷിയുണ്ട്. എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ 2022ല്‍ യാത്ര ചെയ്തത് 1.59 കോടിയിലധികം പേരാണ്. അബൂദബി ഇന്റര്‍നാഷനല്‍, അല്‍ ഐന്‍ ഇന്റര്‍നാഷനല്‍, അല്‍ ബത്തീന്‍ എക്സിക്യൂട്ടിവ്, ഡെല്‍മ ഐലന്‍ഡ്, സര് ബനിയാസ് ദ്വീപ് വിമാനത്താവളങ്ങളിലൂടെയാണ് ഇത്രയധികം പേര് കടന്നുപോയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)