വസ്തു ഇടപാടിന് യുഎഇ പാസ് റജിസ്ട്രേഷൻ; റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുതാര്യമാക്കുക ലക്ഷ്യം
ദുബായ് ∙ വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ യുഎഇ പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കും. വിൽക്കലും വാങ്ങലും യുഎഇ പാസ് പോർട്ടൽ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങൾ, രേഖകൾ, വാടക കരാർ, ഡ്രൈവിങ് ലൈസൻസ്, വാഹന വിവരങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങി സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോർട്ടലിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി ഇടപാടുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കോർപറേറ്റ് നികുതി നടപടികൾ എളുപ്പമാക്കാം. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയിൽ വർധിച്ചുവരുന്ന ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ പാസ് സംവിധാനം സഹായിക്കും. വ്യക്തിഗത ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടി ഇടപാടിന് കോർപറേറ്റ് നികുതി ബാധകമല്ല. എന്നാൽ ഇതുപയോഗിച്ച് ബിസിനസ് നടത്തുകയാണെങ്കിൽ കോർപറേറ്റ് നികുതി റജിസ്ട്രേഷൻ നിർബന്ധം. ഇടപാടുകൾ യുഎഇ പാസ് വഴിയാക്കുന്നത് അധിക സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സർക്കാർ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ചുവരുന്നത്. ഇതു സേവനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ഓഫിസുകളിൽ നേരിട്ടു ഹാജരാകുന്നതും ഒഴിവാക്കാം. ധനകാര്യ, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയങ്ങളിൽ യുഎഇ പാസ് ഉപയോഗിച്ചാണ് സേവനം. വാടക കരാർ പുതുക്കുക, ജല–വൈദ്യുതി കണക്‌ഷൻ, ബാങ്കുകളിലും ഇത്തിസലാത്ത്, ഡു തുടങ്ങി വിവിധ ഓഫിസുകളിലും എമിറേറ്റ്സ് ഐഡി അപ്ഡേറ്റ് ചെയ്യുന്നതും യുഎഇ പാസ് വഴിയാക്കിയിരുന്നു. വൈകാതെ എല്ലാ മേഖലയിലെയും സേവനങ്ങൾ യുഎഇ പാസ് വഴി ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)