നിയമപരമല്ലാത്ത ഓവർടേക്കിങ് കണ്ടെത്താൻ എക്സിറ്റ്-ഐ റഡാർ: യുഎഇ റോഡുകളിൽ നൂറുകണക്കിന് റഡാറുകൾ സ്ഥാപിച്ചു
അബൂദബി: എമിറേറ്റിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനം തുടങ്ങിയതായി അബൂദബി പൊലീസ് അറിയിച്ചു. മൂന്നും കൂടിയ കവലകളിൽ ഓവർടേക് ചെയ്യുന്ന വാഹനങ്ങളെയും മറ്റു വാഹനങ്ങളുടെ മുന്നിലേക്ക് മറ്റ് റോഡുകളിൽനിന്ന് ഇറക്കുന്നവരെയും നിരീക്ഷിക്കുന്ന സംവിധാനമാണിതെന്നും പൊലീസ് വ്യക്തമാക്കി.
എക്സിറ്റ്-ഐ റഡാർ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ നിയമം പാലിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പ്രധാനപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കാനും അംഗീകൃത ഇടങ്ങളിൽനിന്നല്ലാതെ റോഡുകളിലേക്ക് പ്രവേശിക്കാതിരിക്കാനും ബോധവത്കരണം നൽകുന്നതിനും എക്സിറ്റ് ഐ റഡാറിൻറെ ഉപയോഗം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ കാമറകൾ നിയമലംഘനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയില്ലെന്നും മറിച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായി അബൂദബിയിലെ റോഡുകളിൽ നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്രഞ്ച് സാങ്കേതികവിദ്യ കമ്പനിയായ ഐ.ഡി.ഇ.എം.ഐ.എ, യു.എ.ഇ ആസ്ഥാനമായ അലയൻസ് ട്രാഫിക് സിസ്റ്റംസ് എന്നിവയുമായി യോജിച്ചാണ് അബൂദബി പൊലീസ് റഡാർ സേവനം ഉപയോഗിക്കുന്നത്. ഡ്രൈവർമാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐ.ഡി.ഇ.എം.ഐ.എയുടെ റഡാർ സംവിധാനം ഹൈ റെസല്യൂഷൻ കാമറകൾ ഉള്ളതും ഒരേസമയം നിരവധി പാതകൾ നിരീക്ഷിക്കാൻ ശേഷിയുള്ളവയുമാണ്. ഇതിനുപുറമെ കാലാവസ്ഥ നിരീക്ഷിക്കാനും ഈ റഡാറുകൾക്ക് സാധിക്കും. അബൂദബിയിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിനു പുറമേ ഗതാഗതം സുഗമമാക്കാനും റഡാറുകൾ സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)