പ്രവാസികളുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ തടസ്സമായി പുതിയ കേന്ദ്ര നിയമം: പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിൻറെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽനിന്നു മൃതദേഹം നാട്ടിലേക്കു കയറ്റി അയ്ക്കാൻ സാധിക്കൂ.ഏത് വിമാനത്താവളത്തിലേക്കാണോ മൃതദേഹം അയ്ക്കുന്നത്, ആ വിമാനത്താവളത്തിൽ വേണം സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ. അതായത്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് മൃതദേഹം എത്തിക്കേണ്ടതെങ്കിൽ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ അപേക്ഷ നൽകണം. ഈ അപേക്ഷ അംഗീകരിച്ച് അതിനുള്ള അനുമതി ഗൾഫിലെ വിമാനത്താവളത്തിൽ ലഭ്യമായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കൂ.ഇതോടെ, മൃതദേഹം നാട്ടിലേക്ക് അയ്ക്കുന്നത് കൂടുതൽ ദുഷ്കരമായി മാറി. ഞായാറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്നു പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളില്ലാത്തതിനാൽ അവധി ദിനങ്ങളിൽ സർട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇതോടെ, ഗൾഫിൽ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പ് പലപ്പോഴും നീളും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)