യുഎഇയിലെ ഈ എമിറേറ്റ്സിൽ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ: അറിയാം വിശദമായി
അബൂദബി: പാർക്കുകൾ ഉൾപ്പെടെ അബൂദബിയിലെ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം വ്യാപിപ്പിച്ച് അധികൃതർ. നഗര, ഗതാഗത വകുപ്പാണ് എമിറേറ്റിലെ ബസുകളും ബീച്ചുകളും പൊതു ഉദ്യാനങ്ങളിലുമടക്കം സൗജന്യ വൈഫൈ ഏർപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലെ ഇൻറർനെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എമിറേറ്റിലെ 44 പൊതു പാർക്കുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. അബൂദബിയിൽ 19ഉം അൽഐനിൽ 11ഉം അൽ ധഫ്രയിൽ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബൂദബി കോർണിഷ് ബീച്ചിലും അൽ ബതീൻ ബീച്ചിലും വൈകാതെ സേവനം ലഭ്യമാകും.
അതേസമയം, സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ചില പൊതുസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശവും അധികൃതർ മുന്നോട്ടുവെക്കുന്നു. ഓൺലൈൻ ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എൻറർ ചെയ്യുമ്പോൾ വ്യക്തിവിവരങ്ങൾ നൽകാതിരിക്കുക, വി.പി.എൻ ഉപയോഗിക്കുക തുടങ്ങിയവ പാലിക്കണമെന്നാണ് നിർദേശം. ഓരോ മണിക്കൂർ ഇടവിട്ടും പരസ്യ ഇടവേളയുണ്ടാകും. https://www.du.ae/WiFi-uae/locations എന്ന് ബ്രൗസ് ചെയ്താൽ യു.എ.ഇയിൽ എവിടെയല്ലാം സൗജന്യ വൈഫൈ ലഭ്യമാണെന്ന് അറിയാനാവുമെന്ന് ഇൻറർനെറ്റ് സേവനദാതാക്കളായ ‘ഡു’ അറിയിച്ചു.
എല്ലായിടത്തും ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് അബൂദബി വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു.
ഐ.എം.ഡി സ്മാർട്ട് സിറ്റി സൂചികയിൽ ലോകത്തെ 141 നഗരങ്ങളിൽ 13ാം സ്ഥാനം നേടിയ അബൂദബി തെളിയിക്കുന്നത് നഗരത്തെ സ്മാർട്ട് സിറ്റിയായി പരിവർത്തിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. ആർ.ടി.എയുമായി സഹകരിച്ചാണ് മെട്രോ, ടാക്സി, ബസ് സർവിസുകളിൽ സൗജന്യ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നത്. ഏപ്രിലിൽ ഷാർജയിൽ ബസുകളിൽ സൗജന്യ വൈ ഫൈ ലഭ്യമാക്കിയിരുന്നു. മുസന്ദം, ഒമാൻ റൂട്ടിൽ സഞ്ചരിക്കുന്ന ബസുകളിലാണ് റാസൽഖൈമ സർക്കാർ സൗജന്യ വൈഫൈ ഏർപ്പെടുത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)