യുഎഇയിൽ ഇനിമുതൽ സ്വകാര്യ ട്യൂഷനുകൾക്ക് ലൈസൻസ് നിർബന്ധം
യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം. കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിന് യോഗ്യരായ പ്രഫഷനൽ അധ്യാപകർക്ക് വ്യക്തിപരമായും ഗ്രൂപ്പുകളായും പെർമിറ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. തിങ്കളാഴ്ച മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ക്ലാസ് മുറിക്ക് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുകയും പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയുമാണ് ലക്ഷ്യം.
സർക്കാർ-സ്വകാര്യ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവരാണ് ഗുണഭോക്താക്കൾ. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി യോഗ്യരായ അധ്യാപകർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സർവിസ് ടാബ് ക്ലിക് ചെയ്ത് പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും. മന്ത്രാലയം അംഗീകരിച്ച മാർഗനിർദേശം അടങ്ങിയ രേഖയിൽ ഒപ്പിട്ടുനൽകിയാൽ രണ്ടുവർഷത്തേക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷൻ നടത്തിയാൽ പിഴയീടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം, കൃത്യമായ പിഴത്തുകയും ശിക്ഷാനടപടികളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അംഗീകാരമുള്ള താമസസ്ഥലമുണ്ടെങ്കിൽ ലൈസൻസുള്ള അധ്യാപകർക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് സ്വകാര്യ ട്യൂഷൻ അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)