ഇനി ബീച്ചിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാം; ഭിന്നശേഷിക്കാർക്ക് പ്രത്യേക ട്രാക്ക് ഒരുക്കി യുഎഇ
അബുദാബിയിൽ ബീച്ച് ആസ്വദിക്കാൻ വരുന്ന ഭിന്നശേഷിക്കാർക്ക് ബീച്ചിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്ക്. ഇനി ബീച്ചിലേക്ക് ഈ ട്രാക്കിലൂടെ വീൽചെയറിൽ എളുപ്പത്തിൽ പ്രവേശിക്കാം. മുബദലയുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാതയിൽനിന്ന് കടലിലേക്കു നീണ്ടുകിടക്കുന്ന ഈ ട്രാക്കിലൂടെ നിശ്ചയദാർഢ്യക്കാർക്കും അനായാസമായി കടലിൽ കുളിക്കാനും വിനോദത്തിൽ ഏർപ്പെടാനും സാധിക്കും. ഗ്രീക്ക് കമ്പനിയായ സീട്രാക്ക് രൂപകൽപന ചെയ്ത സൗരോർജ ട്രാക്കുകളിൽ ഘടിപ്പിച്ച കസേര റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.
റാംപിലെ റെയിലുകൾ ഉപയോഗിച്ച് കടലിലേക്ക് ഇറങ്ങാനും കസേരയിലേക്ക് സ്വയം ഉയർത്താനും സാധിക്കും. കോർണിഷ് പബ്ലിക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലാണ് സീ–ട്രാക്ക് സംവിധാനം സജ്ജമാക്കിയതെന്ന് നഗരസഭാ ഓപ്പറേഷൻ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. സാലം അൽ കാബി പറഞ്ഞു. ഭിന്നശേഷിക്കാരെകൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)