യുഎഇയിൽ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തന പരിശീലനമൊരുക്കി പൊലീസ്
യുഎഇയിലെ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനമൊരുക്കി ദുബൈ പൊലീസ്. ‘റെസ്ക്യൂ ഹീറോസ് ചലഞ്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ആദ്യ എഡിഷനിൽ അഞ്ചു സ്കൂളുകളിൽനിന്നായി 25 പേർ പങ്കെടുത്തു. കുട്ടികളെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് ലക്ഷ്യംവെച്ചാണ് പരിപാടി ഒരുക്കിയത്. വിവിധ സുരക്ഷാ, രക്ഷാപ്രവർത്തന സംവിധാനങ്ങളുമായി വിദ്യാർഥികൾക്ക് സഹകരിക്കാനും ആശയവിനിമയം എളുപ്പമാക്കാനും ഉപകരിക്കുന്ന കളികളും മത്സരങ്ങളുമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. ഭാവിയിൽ രക്ഷാപ്രവർത്തന രംഗത്ത് സന്നദ്ധ സേവനത്തിന് സഹായിക്കുന്ന തലമുറയെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുകയും പരിപാടിയുടെ ഉദ്ദേശ്യമാണ്.രണ്ടു ദിനങ്ങളിലായി നടന്ന പരിപാടിയിൽ കുട്ടികൾ അഞ്ചു ടീമുകളായി തിരിഞ്ഞാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. ഉയരങ്ങൾ കയറുമ്പോഴുള്ള റാപ്പെലിങ് ഗിയർ ധരിക്കൽ, കെട്ടഴിക്കൽ ചലഞ്ച്, റണ്ണിങ് ചലഞ്ച്, കണ്ടെയ്നർ ക്ലൈംബിങ്, കയർ കെട്ടി വലിക്കൽ, ഭാരമുള്ള വസ്തുക്കൾ ഉയർത്തൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ മത്സരങ്ങളിൽ ഉൾപ്പെടുത്തി. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, അസി. കമാൻഡർ ഇൻ ചീഫ് ഓഫ് ഓപറേഷൻസ് അഫേഴ്സ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)