ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് വൻ തുക: തട്ടിപ്പ് ഇങ്ങനെ
ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പാലക്കാട് നെന്മാറ സ്വദേശിയായ ഐശ്വര്യയുടെ അക്കൗണ്ടിൽ നിന്നാണ് അന്താരാഷ്ട്ര സംഘം പണം തട്ടിയത്. ഓൺലൈനിൽ വ്യാജ ലിങ്കുകൾ വഴി ഒ ടി പിയോ മെസേജോ പോലും വരാത്ത രീതിയിലാണ് തട്ടിപ്പ്.
ജോലിത്തിരക്കിനിടയിൽ പെട്ടെന്ന് മൊബൈൽ ഫോൺ ഓൺലൈനായി റീചാർജ് ചെയ്യാൻ ലിങ്ക് തുറന്നതാണ് ഐശ്വര്യ. വൻ തുകയാണ് പോയത്. റീച്ചാർജ് ചെയ്യാനുള്ള ലിങ്ക് വഴി കാർഡ് വിവരങ്ങൾ നൽകിയത് വരെ കൃത്യമായിരുന്നു, പിന്നീടാണ് തട്ടിപ്പ്. വ്യാജ ലിങ്ക് വഴി ഡാറ്റ ചോർത്തി, തേഡ് പാർട്ടി വാലറ്റിലേക്ക് പണം മുഴുവൻ മാറ്റിയാണ് തട്ടിപ്പ് നടന്നത്. മൊബൈൽ നമ്പരും ഇ-മെയിലും വരെ തിരുത്തിയതിനാൽ അറിയിപ്പുകൾ വന്നതുമില്ലെന്ന് ഐശ്വര്യ പറയുന്നു.
അക്കൗണ്ട് കാലിയായ ശേഷവും സംഘം പണം വലിക്കാൻ ശ്രമിച്ചപ്പോൾ വന്ന സീറോ ബാലൻസ് മെസേജിലൂടെയാണ് ഐശ്വര്യ അപകടം തിരിച്ചറിഞ്ഞത്. ഉടനെ ബാങ്കിനെ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും ഫലമുണ്ടായില്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പ അടച്ചുതീർത്ത് നിലനിർത്തിക്കൊണ്ടിരുന്ന അക്കൗണ്ടിലെ പണം അപ്പഴേക്കും നഷ്ടമായിരുന്നു.ഐശ്വര്യയുടെ പരാതി പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിരുന്നാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കുകളുടെയും ഓൺലൈൻ സർവ്വീസ് കമ്പനികളുടെയും വിവരങ്ങൾ എംബ്ലം ഉൾപ്പടെ വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)