Posted By user Posted On

യുഎഇ സ്വദേശിവല്‍ക്കരണം രണ്ടാം ഘട്ടത്തിലേക്ക്; നിയമലംഘനത്തിന് വന്‍തുക പിഴ

യുഎഇ സ്വദേശിവല്‍ക്കരണം രണ്ടാം ഘട്ട പദ്ധതിലേക്ക് കടന്നു. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ 2024, 2025 വര്‍ഷങ്ങളില്‍ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് നിബന്ധന. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇതോടെ 2 വര്‍ഷത്തിനകം ഈ വിഭാഗം കമ്പനികളില്‍ മൊത്തം 24,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 12,000 കമ്പനികള്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജോലി ഒഴിവുകള്‍ സര്‍ക്കാരിന്റെ നാഫിസ് പ്ലാറ്റ്‌ഫോമില്‍ (www.nafis.gov.ae) പോസ്റ്റ് ചെയ്ത് അനുയോജ്യമായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താം. ഓരോ ജോലിക്കും യോഗ്യരായ യുഎഇ പൗരനെ കണ്ടെത്തി പരിശീലനം നല്‍കി ലഭ്യമാക്കും. ഇതുവരെ 18,000 സ്വകാര്യ കമ്പനികളിലായി 88,000 യുഎഇ പൗരന്മാര്‍ ജോലി ചെയ്തുവരുന്നു. നിശ്ചിത ശതമാനത്തെക്കാള്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന കമ്പനികളെ എമിററ്റൈസേഷന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബില്‍ ചേര്‍ത്ത് സര്‍ക്കാര്‍ ഫീസില്‍ 80% ഇളവ്, സര്‍ക്കാര്‍ ടെന്‍ഡറില്‍ മുന്‍ഗണന തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു.

സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ ചുമത്തും. 2025 ഡിസംബറോടെ മൊത്തം 2 യുഎഇ പൗരന്മാര്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്കുള്ള പിഴ 168,000 ദിര്‍ഹമായി വര്‍ധിക്കും. ചെറുകിട, ഇടത്തരം കമ്പനികളില്‍ സ്വദേശിവല്‍ക്കരണം സാമ്പത്തിക ബാധ്യത കൂട്ടുമെന്ന ആശങ്കയിലാണ് വിദേശ കമ്പനി ഉടമകള്‍. 5 വിദേശ ജോലിക്കാര്‍ക്കു നല്‍കുന്ന ശമ്പളത്തിലേറെ തുക ഒരു സ്വദേശി ജീവനക്കാരന് നല്‍കണമെന്നതാണ് നേരിടുന്ന വെല്ലുവിളി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിര്‍മാണം, ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍, കംപ്യൂട്ടര്‍ പ്രോഗ്രാമിങ്/ കണ്‍സള്‍ട്ടന്‍സി/ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വെബ്‌സൈറ്റ് നിര്‍മാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ അനാലിസിസ്, കണ്‍സല്‍റ്റിങ്, ബാങ്കിങ് സര്‍വീസ്, കറന്‍സി, ലോഹ വിപണനം, ലോണ്‍ ഷെഡ്യൂളിങ്, മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍, റിയല്‍ എസ്റ്റേറ്റ്, പ്രഫഷനല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ആക്ടിവിറ്റീസ്, അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ്, ആര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, മൈനിങ് ആന്‍ഡ് ക്വാറിയിങ്, ട്രാന്‍സ്ഫമേറ്റീവ് ഇന്‍ഡസ്ട്രീസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് വെയര്‍ഹൗസിങ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് റസിഡന്‍സി സര്‍വീസസ്, വിവര ഗവേഷണം, സര്‍വേ സേവനങ്ങള്‍, വാണിജ്യേതര വിവര സേവനം എന്നീ വിഭാഗം കമ്പനികളിലാണ് സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *