യുഎഇയിലെ ഈ എമിറേറ്റിസിൽ ഇനി മുതൽ പാർക്കിങ് നിയന്ത്രണം ‘പാർക്കിൻ’ നോക്കും
ദുബൈ: എമിറേറ്റിലെ പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ ‘പാർക്കിൻ’ എന്ന പേരിൽ പുതിയ സ്ഥാപനം രൂപവത്കരിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പബ്ലിക്ക് ജോയൻറ് സ്റ്റോക്ക് കമ്പനിയായ (പി.ജെ.എസ്.സി) ‘പാർക്കിൻ’ രൂപവത്കരിക്കാനുള്ള നിയമം അംഗീകരിച്ചത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിതെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
പൊതു പാർക്കിങ് ഇടങ്ങളുടെ നിർമാണം, ആസൂത്രണം, രൂപരേഖ തയാറാക്കൽ, പ്രവർത്തനം, നിയന്ത്രണം എന്നിവ പുതിയ കമ്പനിയുടെ ചുമതലയാണ്. വ്യക്തികൾക്ക് പാർക്കിങ് പെർമിറ്റുകൾ നൽകുന്നതിനും പൊതു പാർക്കിങ് ഇടങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഫ്രാഞ്ചൈസി കരാറിൻറെ നിബന്ധനകൾക്കുകീഴിൽ പാർക്കിങ് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തവും പുതിയ കമ്പനിക്കാണ്. കൂടാതെ, പാർക്കിങ് ഇടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ബിസിനസ് മേഖലകളിലെ നിക്ഷേപം സ്വീകരിക്കാനുള്ള അധികാരവും കമ്പനിക്കായിരിക്കും. ഇതിനായി പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും പെർമിറ്റുകളുടെ വിതരണവും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പാർക്കിൻ പി.ജെ.എസ്.സിയെ ഏൽപിക്കും.
ആർ.ടി.എയും പാർക്കിൻ പി.ജെ.എസ്.സിയും തമ്മിലുള്ള ഫ്രാഞ്ചൈസി കരാറിലൂടെ ആയിരിക്കും ചുമതലകൾ കൈമാറുക. പൊതു-സ്വകാര്യ സബ്സ്ക്രിപ്ഷൻ വഴി മൂന്നാം കക്ഷികൾക്ക് കൈമാറാവുന്ന ഓഹരികളുടെ ശതമാനം നിർണയിക്കാൻ ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന് അധികാരമുണ്ടാവും. പൊതു-സ്വകാര്യ സബ്സ്ക്രിപ്ഷനിലൂടെ കമ്പനിയുടെ ഓഹരികൾ വ്യക്തികൾക്ക് സ്വന്തമാക്കാം.
എന്നാൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി മൂല്യം 60 ശതമാനത്തിൽ കുറയില്ല. അതോറിറ്റി ചെയർമാൻറെ തീരുമാനത്തിലൂടെ ആർ.ടി.എ ജീവനക്കാരെ പാർക്കിനിലേക്ക് മാറ്റാം.
പാർക്കിനിൻറെ ഡയറക്ടർ ബോർഡ് രൂപവത്കരിക്കാനുള്ള നിയമത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അംഗീകാരം നൽകിയിട്ടുണ്ട്. അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ ആണ് ബോർഡ് ചെയർമാൻ. അഹമ്മദ് ഹസൻ മഹബൂബ് ആണ് വൈസ് ചെയർമാൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)