യുഎഇയിലെ പുതുവത്സരാഘോഷം; തൊഴിലാളികൾക്ക് സമ്മാനമായി ലഭിച്ചത് മൂന്നു കാറുകൾ
ദുബൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്ക് മൂന്നു കാറുകളും നിരവധി സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകി ദുബൈയിലെ പെർമനൻറ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്.
ഡിസംബർ 31ന് അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത ഒരു ലക്ഷത്തിലധികം പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കായിരുന്നു സമ്മാനങ്ങൾ.
അൽകൂസിലായിരുന്നു പ്രധാന ആഘോഷപരിപാടി.
ദുബൈ പെർമനൻറ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തൊഴിലാളിസമൂഹത്തെ അംഗീകരിക്കുകയും അവർക്ക് സന്തോഷങ്ങൾ നൽകുകയും ചെയ്യുന്നതിൽ ദുബൈ ഏവർക്കും മാതൃകയാണെന്നും പുതുവത്സരാഘോഷങ്ങളിൽ തൊഴിലാളികളുടെ പാരമ്പര്യ-സാംസ്കാരിക കലകൾ പ്രദർശിപ്പിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നതിനുവേണ്ടി ദുബൈ തൊഴിൽകാര്യ വകുപ്പ് സ്ഥിരം സമിതി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു.
ഇത്തരത്തിലുള്ള ആഘോഷങ്ങൾ സമൂഹത്തിൻറെ അവിഭാജ്യ ഘടകമായ തൊഴിലാളി സമൂഹവും ഡിപ്പാർട്മെൻറും തമ്മിലുള്ള പരസ്പര വിശ്വാസം ഗണ്യമായി വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബാൻഡുകൾ അവതരിപ്പിച്ച ഡാൻസുകൾ, ഗാനമേള, നാടൻകലാപ്രകടനങ്ങൾ എന്നിവ പുതുവത്സരാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)