യുഎഇയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം
അജ്മാൻ: പുതുവത്സരം ആഘോഷിച്ച് മടങ്ങുകയായിരുന്ന സ്വദേശി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. സ്വദേശി ദമ്പതികളും ഇവരുടെ രണ്ട് പെൺമക്കളും മരുമകളുമാണ് മരിച്ചതെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ച അജ്മാനിലെ മസ്ഫൂത്ത് ഏരിയയിലാണ് അപകടം നടന്നത്.
ദുബൈയിലെ ഹത്തയിൽ നിന്ന് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗതയിൽ എത്തിയ ട്രക്കിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും ആംബുലൻസും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അഞ്ചു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പരിക്കുകളോടെ രക്ഷപ്പെട്ട രണ്ടു പേർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതായും അജ്മാൻ പൊലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)