യുഎഇയിലെ ചില റോഡുകൾ നാളെ അടച്ചിടും: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ദുബൈ: ഞായറാഴ്ച രാവിലെ ആറു മുതൽ ഉച്ച ഒന്നു വരെ നഗരത്തിലെ വിവിധ റോഡുകൾ അടക്കും. ദുബൈ മാരത്തൺ നടക്കുന്ന സാഹചര്യത്തിലാണ് ഉമ്മുസുഖൈം, ജുമൈറ പ്രദേശങ്ങളിലെ റോഡുകൾ അടക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റോഡ് അടക്കുന്നത് സംബന്ധിച്ച് പൂർണമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഉമ്മു സുഖൈം സ്ട്രീറ്റ്, ജുമൈറ ബീച്ച് റോഡ്, അൽ വസ്ൽ റോഡ് എന്നിവയെ ബാധിക്കുമെന്നാണ് കരുതുന്നത്.
മാരത്തണിന് സമയത്ത് എത്തിച്ചേരുന്നതിന് നേരത്തെ പുറപ്പെടണമെന്ന് സമൂഹ മാധ്യമങ്ങൾ വഴി ആർ.ടി.എ നിർദേശിച്ചിട്ടുമുണ്ട്. മിഡിലീസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴയതുമായ അന്താരാഷ്ട്ര മാരത്തണിൻറെ 2024 പതിപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. ജുമൈറ ബീച്ച് റോഡിലൂടെ 42.1 കി.മീറ്റർ ദൂരത്തിലാണ് ഓട്ടം. ദുബൈ പൊലീസ് അക്കാദമിക്ക് സമീപമുള്ള ഉമ്മു സുഖീം റോഡിൽനിന്ന് ആരംഭിക്കുകയും അവിടെ തന്നെ അവസാനിക്കുകയും ചെയ്യും. മത്സരാധിഷ്ഠിത മാരത്തൺ കൂടാതെ, എലൈറ്റ്, അമേച്വർ ഓട്ടക്കാർ 10 കി.മീറ്റർ വിഭാഗത്തിലും മത്സരിക്കും. അതേസമയം, തുടക്കക്കാർക്കും മറ്റുമായി നാലു കി.മീറ്റർ ഫൺ റണ്ണുമുണ്ട്. ദുബൈ സ്പോർട്സ് കൗൺസിലിൻറെ അംഗീകാരത്തോടെയാണ് മാരത്തൺ നടക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)