ഇന്ധന നിരക്ക് ഒഴിവാക്കി ഇൻഡിഗോ; യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞു
ദുബായ്∙ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്കത്തെ തുടർന്ന് ഡൽഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയായിയെന്ന് സാഫ്രോൺ ട്രാവൽ ആൻഡ് ടൂറിസത്തിൽ നിന്നുള്ള പ്രവീൺ ചൗധരി പറഞ്ഞു. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞു. ഇതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ഇൻഡിഗോ പ്രഖ്യാപിക്കുകയായിരുന്നു. എടിഎഫ് വിലകൾ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാൽ, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ സമീപകാലത്തെ ഏറ്റവും ‘ബജറ്റ് ഫ്രണ്ട്ലിയായ ’ നിരക്കാണിതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം, വിമാനക്കമ്പനികളോട് യാത്രക്കാരുടെ താൽപ്പര്യം കണക്കിലെടുത്ത് യാത്രാനിരക്ക് നിശ്ചയിക്കാനും സ്വയം നിയന്ത്രിക്കാനും വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 5ന് ടിക്കറ്റ് നിരക്കിനൊപ്പം എടിഎഫ് വിലയിൽ ഗണ്യമായ വർധനവുണ്ടായതിനെ തുടർന്ന് ഇന്ധന ചാർജ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരത്തിൽ ഏർപ്പെടുത്തിയ നിരക്കാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)