Posted By user Posted On

യുഎഇയിൽ ഇനി 15 വയസ്സ് കഴിഞ്ഞവർക്ക് ട്യൂഷൻ എടുക്കാം

യുഎഇയിൽ ഇനിമുതൽ 15 വയസ്സിന് മുകളിലുള്ളവർക്ക് ട്യൂഷൻ എടുക്കാൻ അനുമതി നൽകി അധികൃതർ. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയമാണ് സ്കൂൾ വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് അനുമതി നൽകിയത്. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ മന്ത്രാലയ വെബ്സൈറ്റിലൂടെയും ആപ്പ് വഴിയും നൽകാം. അനുബന്ധ രേഖകളും അപേക്ഷയും സൂക്ഷ്മപരിശോധന നടത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയമാണ് അന്തിമ അനുമതി നൽകുക. വിദ്യാർഥികൾ, തൊഴിൽരഹിതർ, വിവിധ മേഖലകളിലെ ജീവനക്കാർ, സർക്കാർ, സ്വകാര്യ സ്കൂളുകളിൽ റജിസ്റ്റർ ചെയ്ത അധ്യാപകർ എന്നിവർ മതിയായ രേഖകളോടെ വേണം പെർമിറ്റിന് അപേക്ഷിക്കേണ്ടത്. സ്വകാര്യ ട്യൂഷൻ മേഖലയിലെ അനധികൃത പ്രവണത അവസാനിപ്പിച്ച് വിദ്യാഭ്യാസം നിയമാനുസൃതവും സുരക്ഷിതവുമാക്കാനാണ് പെർമിറ്റ് സംവിധാനം രണ്ട് മന്ത്രാലയങ്ങൾ സംയുക്തമാക്കിയത്.

പെർമിറ്റിന് ആവശ്യമായ രേഖകൾ
വിദ്യാർഥികൾ

അപേക്ഷകൻ സെക്കൻഡറി/സർവകലാശാല പഠനം തുടരുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രഥമ രേഖ. സ്കൂൾ വിദ്യാർഥിയുടെ അവസാന അക്കാദമിക് സർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെ സമ്മതപത്രം, സ്വഭാവ സർട്ടിഫിക്കറ്റ്, ഡോക്ടർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, യുഎഇ ഐഡി എന്നിവയുടെ പകർപ്പുകൾ, അംഗീകൃത ട്യൂഷൻ ചാർട്ട്, ഫോട്ടോ എന്നിവയാണ് അപേക്ഷകളോടൊപ്പം നൽകേണ്ടത്.

തൊഴിൽ രഹിതർ
തൊഴിൽ രഹിതരാണ് പെർമിറ്റിന് അപേക്ഷിക്കുന്നതെങ്കിൽ അവസാനത്തെ അക്കാദമിക് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിദ്യാർഥികൾക്ക് ബാധകമായ രേഖകൾ ഇവർക്കും ബാധകമാണ്. ഇതിനു പുറമേ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം വയ്ക്കണം.
അധ്യാപകർ
അധ്യാപകർക്കും സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവർ നിലവിലുള്ള സ്ഥാപനത്തിൽ നിന്ന് സമ്മതപത്രം വാങ്ങിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.

അനുമതിക്ക് 3 ദിവസം
സമർപ്പിച്ച രേഖകൾ കുറ്റമറ്റതാണെന്ന് ഉറപ്പായാൽ മൂന്ന് ദിവസത്തിനുള്ളിൽ മന്ത്രാലയം അനുമതി നൽകും. വിദ്യാഭ്യാസ മന്ത്രാലയത്തിന് രേഖകൾ പരിശോധിക്കാൻ ഒരു ദിവസവും നടപടികൾ പൂർത്തിയാക്കാൻ തൊഴിൽ മന്ത്രാലയത്തിനു രണ്ടു ദിവസവും വേണം. ഇരു തലങ്ങളിലെയും നടപടിക്രമങ്ങൾ കഴിഞ്ഞാൽ ഉടൻ അപേക്ഷകരെ വിവരം അറിയിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *