യുഎഇ: തൊഴിലാളികൾക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കിൽ തൊഴിലുടമകള്‍ക്കെതിരെ നടപടി
തൊഴിലാളികളുടെ സേവനകാലാനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി. തൊഴിലാളികളുടെ സേവനകാലാനുകൂല്യങ്ങള്‍ പുതിയ നിക്ഷേപ സംവിധാനത്തിലേക്കു നല്‍കുന്ന തൊഴിലുടമകള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് മാനവ വിഭവ മന്ത്രാലയം moh uae അറിയിച്ചു. വിഹിതം അടയ്ക്കുന്നതില്‍ 30 ദിവസത്തില്‍ കൂടുതല്‍ വൈകിയാല്‍ മുന്നറിയിപ്പ് ലഭിക്കും. മാസം വരെ വൈകിയാല്‍ തൊഴിലുടമയ്ക്ക് പ്രതിമാസം 1000 ദിര്‍ഹം പിഴ വരും. തുക അടയ്ക്കുന്നതു വരെ സ്ഥാപനത്തിനു പുതിയ വീസ ലഭിക്കില്ല. തൊഴിലാളികളുടെ സേവനകാലാനുകൂല്യങ്ങള്‍ 14 ദിവസത്തിനകം നല്‍കണമെന്നാണ് നിയമം.
തൊഴിലാളിയെ സുരക്ഷിതരാക്കാം
എന്‍ഡ് ഓഫ് സര്‍വീസ് വഴി ഒരാള്‍ക്ക് ലഭിക്കുന്ന തുക ഭാവിയിലേക്കുള്ള നിക്ഷേപമാക്കുന്ന പുതിയ സംവിധാനം നവംബറിലാണ് നിലവില്‍ വന്നത്. തൊഴിലാളികള്‍ക്ക് സേവനകാലാനുകൂല്യം ഉറപ്പാക്കുകയും പണപ്പെരുപ്പത്തില്‍ നിന്നു രക്ഷിക്കുകയുമാണ് ലക്ഷ്യം. സ്ഥാപനം പാപ്പരായാലും തൊഴിലാളിയെ സുരക്ഷിതരാകാന്‍ സഹായിക്കുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ ‘സേവിങ് സിസ്റ്റം’.
നിക്ഷേപ പാക്കേജ് ഇങ്ങനെ
തൊഴിലാളികള്‍ക്ക് മൂന്നുതരം നിക്ഷേപ പാക്കേജുകളുണ്ട്. നിക്ഷേപ മൂലധനത്തിന് കോട്ടം തട്ടാത്തതും ആയാസരഹിതവുമായ നിക്ഷേപ പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്. അവിദഗ്ധ തൊഴിലാളികളുടെ സേവനകാല തുക ഭദ്രമായ മൂലധനമായി നിക്ഷേപിക്കാം.
വിദഗ്ധ തൊഴിലാളികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാം. ഇസ്ലാമിക നിയമപ്രകാരം ഓഹരികള്‍ സ്വീകരിക്കുന്ന പദ്ധതിയിലും നിക്ഷേപിക്കാം. അംഗീകൃത ഫണ്ടുകളില്‍ എന്‍ഡ് ഓഫ് സര്‍വീസ് തുക നിക്ഷേപിച്ച് സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ചേരാനാകും.
നിക്ഷേപം എങ്ങനെ?
5 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഒരാളുടെ പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ 5.83 ശതമാനമാണ് പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത്. അഞ്ച് വര്‍ഷം പിന്നിട്ട ജീവനക്കാരന്റെ പ്രതിമാസ വേതനത്തിലെ 8.33% നിക്ഷേപത്തിലേക്ക് നല്‍കാനാകും. ഓരോ മാസവും 15 ദിവസത്തിനുള്ളില്‍ നിശ്ചിത തുക നിക്ഷേപ ഫണ്ടുകളില്‍ ലഭിച്ചിരിക്കണം.
മൊത്തം വേതനത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപ ഫണ്ടിലേക്ക് നല്‍കാന്‍ സാധിക്കില്ല. തൊഴിലുടമ വഴിയുള്ള നിക്ഷേപമായതിനാല്‍ തൊഴില്‍ ബന്ധം അവസാനിച്ച് 14 ദിവസത്തിനകം നിക്ഷേപത്തുകയും വരുമാനവും തിരിച്ചുനല്‍കണമെന്നാണ് നിയമം. ആവശ്യമെങ്കില്‍ നിക്ഷേപം തുടരാനും പിന്‍വലിക്കാനും തൊഴിലാളിക്ക് അവസരമുണ്ട്. മാനവവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പുതിയ പദ്ധതിയിലേക്കു തൊഴിലുടമ അപേക്ഷിക്കേണ്ടത്. നിര്‍ദിഷ്ട ചാനലുകള്‍ വഴിയുള്ള അപേക്ഷകള്‍ യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റിയുടെ അംഗീകാരമുള്ള നിക്ഷേപക ഫണ്ടിലാകണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)