Posted By user Posted On

യുഎഇയിൽ മഴയ്ക്കും ആലിപ്പഴവര്‍ഷത്തിനും സാധ്യത, മുന്നറിപ്പുമായി അധികൃതര്‍

യുഎഇയിലെ കാലാവസ്ഥാ സംബന്ധിച്ച് നിവാസികള്‍ക്ക് മുന്നറിപ്പുമായി അധികൃതര്‍. അല്‍ ഐനില്‍ ആലിപ്പഴവര്‍ഷത്തിനും അബുദാബിയുടെ ചില ഭാഗങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. അല്‍ ഐനിലും അല്‍ ദഫ്ര മേഖലയുടെ തെക്കന്‍ പ്രദേശങ്ങളിലും വ്യാഴാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിക്കുന്നു. ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഫെബ്രുവരി 28 ബുധനാഴ്ച മുതല്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച വരെ പ്രതികൂല കാലാവസ്ഥ ഉണ്ടാകുമെന്ന് പറയുന്നു. ആലിപ്പഴം വീഴുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാനും താമസക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മഴക്കാലത്ത് ഡ്രൈവര്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡ്രൈവിംഗ് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍, വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ യാത്ര ചെയ്യണം. ദൃശ്യപരത കുറയുമ്പോള്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ ഓണാക്കാന്‍ വാഹനമോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന കാലാവസ്ഥയെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎഇയില്‍ നിലവില്‍ വിവിധ തീവ്രതയിലുള്ള മഴയും കാറ്റും അനുഭവപ്പെടുന്നുണ്ടെന്നും ചിലപ്പോള്‍ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായിരിക്കുമെന്നും അതില്‍ പറയുന്നു. തിരശ്ചീന ദൃശ്യപരത കുറവായതിനാല്‍ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും റോഡുകളില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കാനും അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടുകളും വേഗത്തില്‍ ഒഴുകുന്ന തോടുകളും ഒഴിവാക്കണമെന്നും അതോറിറ്റി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനമോടിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ ആലിപ്പഴ വര്‍ഷത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *