Posted By user Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

പ്രവാസികളേറെ കാത്തിരുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർത്ഥ്യമാവുന്നു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസം, ഏപ്രിൽ 22ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. മൂന്ന് വിഭാ​ഗങ്ങളിലാണ് കപ്പലുകളുള്ളത്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നീ വിഭാ​ഗങ്ങളിൽ നിന്നുള്ള കപ്പലുകളിൽ നിന്ന് തെരഞ്ഞെടുത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴി അപേക്ഷാഫോം ഡൗൺലോ‍ഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ ചീഫ് എക്സി.ഓഫീസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ, 9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ [email protected] ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ അത് സാധാരണക്കാരായ പ്രവാസികൾക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. വിമാനയാത്ര ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് കപ്പൽ യാത്ര തീർത്തും ഒരു അനു​ഗ്രഹമാണ്.
കപ്പൽ യാത്രയ്ക്ക് പതിനായിരം രൂപയാണ് ടിക്കറ്റ്. ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം. 200 കിലോ വരെ ല​ഗേജ് കൊണ്ടുപോകാം. മൂന്ന് ​ദിവസത്തെ യാത്ര, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥത്തിലാണ് സർവീസ് നടത്തുക. വിജയകരമായാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകിയിരുന്ന അഡ്വ.വൈ.എ.റഹീം വ്യക്തമാക്കിയിരുന്നു. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകളും പ്രവർത്തനങ്ങളും നടത്തിയതി​ന്റെ ഫലമായാണ് കപ്പൽയാത്ര യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ബേപ്പൂർ /കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാ പഠനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ നിന്ന് കേരളത്തിലേക്കു കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. പുതിയ കപ്പൽ സർവീസിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *