അവധിക്കാലത്ത് യുഎഇയിൽ നിന്ന് ഒരു യാത്രയായാലോ: ബസ് സർവീസ്, വീസ നിയമം,നിരക്ക് ഇതാ
യുഎഇയിൽ മാർച്ച് മൂന്നാം വാരം മുതൽ സ്കൂൾ അവധിക്കാലമാണ്. ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിലിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. റമസാൻ വ്രതാനുഷ്ഠാന സമയമായതിനാൽ ചില എമിറേറ്റുകളിൽ ചെറിയ പെരുന്നാൾ കൂടി കഴിഞ്ഞ് ഏപ്രിൽ പകുതിയോടെ മാത്രമേ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുകയുളളൂ. യാത്ര പോകാനും ആസ്വദിക്കാനും ഇഷ്ടം പോലെ സമയമുണ്ടെന്ന് സാരം. യുഎഇയിലുളള മിക്കവരും ഒരു ചെറിയ യാത്രയെന്ന രീതിയിൽ ഒമാനിലേക്ക് പോകാറുണ്ട്. വിമാന യാത്രയേക്കാൾ സ്വന്തം വാഹനത്തിൽ റോഡ് വഴി പോകുന്നത് ഇഷ്ടപ്പെടുന്നവരുണ്ട്. അതേസമയം ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുളള യാത്രയിലാണ് താൽപര്യമെങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കാം.
ഷാർജ -മസ്കത്ത് ബസ്
ഇക്കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് ഷാർജ മസ്കത്ത് ബസ് സർവീസ് ആരംഭിച്ചത്. ഷിനാസിലൂടെയാണ് യാത്ര. ഷാർജയിൽ നിന്നും മസ്കത്തിൽ നിന്നും രണ്ട് വീതം സർവീസുണ്ട്. രാവിലെ 6.30നും വൈകീട്ട് 4 നുമാണ് സർവീസ്.
അബുദാബി – മസ്കത്ത് ബസ്
∙അബുദാബിയിൽ നിന്ന് അലൈൻ വഴി മസ്കത്തിലേക്കാണ് ബസ് സർവീസുളളത്.
∙മസ്കത്ത് അബുദാബി ടിക്കറ്റ് നിരക്ക് 11.5 ഒമാൻ റിയാലാണ് (109 ദിർഹം).
∙മവ്സലാത്ത് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 23 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.
∙ അബുദാബിയിൽ നിന്ന് മസ്കത്ത് എത്താൻ അഞ്ച് മണിക്കൂർ മതിയാകും. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ബസ് അബുദാബിയിൽ വൈകീട്ട് 3.40-ന് എത്തും. അബുദാബിയിൽ നിന്ന് രാവിലെ 10.45-ന് പുറപ്പെടുന്ന ബസ് അസൈബയിൽ വൈകീട്ട് 8.35 നാണ് എത്തുക.
∙ ദുബായ് – മസ്കത്ത് ബസ്
ദുബായിൽ നിന്ന് മസ്കത്തിലേക്കുളള സർവീസിന് ബുർജ് സഹ്വ, റുവി എന്നിവിടങ്ങളിലെ ഓഫിസിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. അൽ ഖൻജരി ട്രാൻസ്പോർട്ടിൻറെ കാൾ സെൻററിലൂടെയും വാട്സ് അപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 7 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും രാത്രി 9 മണിക്കുമാണ് ബസ് സർവീസുളളത്. വൺവെ ടിക്കറ്റിന് 95 ദിർഹ(10 റിയാൽ)മാണ് നിരക്ക്.
റാസൽഖെമ മുസണ്ടം ബസ്
വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ് ഒമാനിലെ മുസണ്ടം. റാസൽഖൈമയിൽ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് മുസണ്ടത്ത് എത്താം. റാസൽഖൈമയിൽ നിന്ന് മുസണ്ടം വരെ 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. റാസൽഖൈമ പൊതുഗതാഗത വെബ്സൈറ്റിലൂടെയോ റാക് ബസ് ആപിലൂടെയോ ബസ് സ്റ്റേഷനിൽ നിന്നോ ടിക്കറ്റെടുക്കാം. വെളളി ശനി ഞായർ ദിവസങ്ങളിൽ രാവിലെ 8 മണിക്കും വൈകീട്ട് 6 മണിക്കുമാണ് ബസ് സർവീസ്. റാസൽഖൈമയിലെ അൽ ദൈദിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. അൽ റംസിലും ഷാം മേഖലയിലും സ്റ്റോപുണ്ട്. മുസണ്ടം വിലായത്ത് ഓഫ് കസബിലാണ് സർവീസ് അവസാനിക്കുക. വിലായത്ത് ഓഫ് ബുക്ക, ഖദ മേഖലയിൽ സ്റ്റോപ്പുണ്ട്.
യാത്രയ്ക്ക് ആവശ്യമായ രേഖകൾ
യുഎഇയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാൻ പാസ് പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ആവശ്യമാണ്. ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. യുഎഇ-ഒമാൻ അതിർത്തിയിൽ നിന്ന് വീസയെടുക്കാം. യുഎഇയിൽ നിന്നുളള എക്സിറ്റ് ഫീസായി 36 ദിർഹവും ഒമാൻ വീസയ്ക്ക് 50 ദിർഹവുമാണ് നിരക്ക്. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ റോയൽ ഒമാൻ പോലീസിൻറെ വെബ്സൈറ്റിലൂടെ വീസയെടുക്കാവുന്നതാണ്. 5 ഒമാൻ റിയാലാണ് (50 ദിർഹം)നിരക്ക്.
അതേസമയം കുടുംബമായാണ് യാത്രയെങ്കിൽ ഓൺലൈനിലൂടെ വീസയെടുക്കാൻ സാധിക്കില്ല. ബോർഡറിലെത്തി വീസയെടുക്കാം. അതല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ഏജൻസി വഴി നേരത്തെ വീസയെടുത്തും യാത്ര ചെയ്യാം. ആറുമാസത്തെ കാലാവധിയുളള പാസ്പോർട്ട് കോപ്പിയും ഫോട്ടോയുമാണ് ആവശ്യമായ രേഖകൾ. പരമാവധി രണ്ട് ദിവസം കൊണ്ട് ഒമാൻ വീസ ലഭിക്കുമെന്ന് ദുബായിലെ ട്രിനിറ്റി ട്രാവൽ ഏജൻസിയിലെ രമേഷ് കുമാർ പറയുന്നു. സ്വയം വീസയെടുത്താണ് യാത്രയെങ്കിൽ ബോർഡറിലെ നിയമങ്ങളിലും നിർദ്ദേശങ്ങളിലും മാറ്റങ്ങളുണ്ടോയെന്ന് അറിഞ്ഞിരിക്കണം. യാത്ര ചെയ്യുന്ന വാഹനം സ്വന്തം പേരിലായിരിക്കണം. കമ്പനി വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്നും രമേഷ് കുമാർ പറയുന്നു.
∙ ഒറ്റത്തവണത്തെ വീസയുളള വിനോദസഞ്ചാരികൾ
യുഎഇയിൽ നിന്നുളള വിനോദസഞ്ചാരികൾ ഒമാനിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രയ്ക്ക് മുൻപേ വീസയെടുത്തിരിക്കണം. തിരിച്ച് യുഎഇയിലേക്ക് വരികയാണെങ്കിലും യാത്രയ്ക്ക് മുൻപ് വീസയെടുക്കണം. ഒന്നിലധികം തവണയാത്രചെയ്യാനാകുന്ന യുഎഇ വീസയുളള വിനോദസഞ്ചാരികൾ യാത്രയ്ക്ക് മുൻപ് ഒമാൻ വീസ നിർബന്ധം ഒന്നിലധികം തവണയാത്രചെയ്യാനാകുന്ന വീസയുളളതിനാൽ തിരിച്ച് യുഎഇയിലേക്ക് വരാൻ പ്രത്യേകം വീസയെടുക്കേണ്ടതില്ല. എന്നാൽ പാസ്പോർട്ടിന് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണമെന്നത് നിർബന്ധം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)