യുഎഇയിൽ അനുമതിയില്ലാതെ കെട്ടിടങ്ങളിൽ രൂപമാറ്റം വരുത്തിയാൽ കനത്തപിഴ
അബുധാബിയിൽ കൃത്യമായ അനുമതി നേടാതെ കെട്ടിടങ്ങളിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിച്ചത് കടുത്ത ശിക്ഷ നടപടി നേരിടുമെന്ന് മുന്നറിയിപ്പുമായി അബുദാബി നഗരസഭ. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ഒട്ടേറെ വില്ലകൾക്ക് നോട്ടിസ് നൽകി. മുന്നറിയിപ്പ് അവഗണിച്ചവർക്ക് പിഴ ചുമത്തുകയും ചെയ്തു. ജനങ്ങൾക്ക് സുരക്ഷിത താമസ, കുടുംബ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബങ്ങൾക്കുള്ള താമസ സ്ഥലത്ത് ബാച്ചിലേഴ്സിനെ താമസിപ്പിക്കുക, വ്യത്യസ്ത കുടുംബങ്ങൾക്ക് വാടകയ്ക്കു കൊടുക്കുക, ഫ്ലാറ്റിൽ രക്തബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുക എന്നിവയും നിയമവിരുദ്ധമാണ്.
നഗരസഭയുടെ അംഗീകാരത്തോടെ നിർമിച്ച കെട്ടിടത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട വകുപ്പിൽനിന്ന് അനുമതി എടുക്കണം. വാടകയ്ക്ക് എടുത്ത താമസ കെട്ടിടം ഉടമ അറിയാതെ മേൽ വാടകയ്ക്ക് കൊടുക്കുക, താമസ സ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, പൊതു ഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിക്കായുള്ള സ്ഥലം താമസത്തിനു വിനിയോഗിച്ചാലും 25,000 മുതൽ 50,000 ദിർഹം പിഴ നൽകേണ്ടിവരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)