Posted By user Posted On

താമസസ്ഥലത്തിനായി പരക്കം പാഞ്ഞ് നിവാസികള്‍; യുഎഇയില്‍ ഫ്‌ലാറ്റുകള്‍ക്ക് വില വര്‍ദ്ധിക്കുന്നു

അബുദാബിയില്‍ ഫ്‌ലാറ്റുകള്‍ക്ക് വില വര്‍ധിച്ചു. പെട്ടെന്ന് വില്ലകള്‍ ഒഴിയാന്‍ നോട്ടിസ് ലഭിച്ചവര്‍ വര്‍ധിച്ച വാടകയില്‍നിന്ന് രക്ഷപ്പെടാന്‍ ഫ്‌ലാറ്റുകളില്‍ ഷെയറിങ് താമസത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഷെയറിങ് അക്കമഡേഷന്‍ നിരക്ക് ഉയര്‍ന്നു. കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന വില്ലകളില്‍ പരിശോധന ഊര്‍ജിതമാക്കിയതോടെ അബുദാബിയില്‍ ഫ്‌ലാറ്റുകള്‍ക്ക് ഡിമാന്‍ഡും വിലയും കൂടിയത്. നേരത്തെ 1800 ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഷെയറിങ് അക്കമഡേഷന് (ഫ്‌ലാറ്റില്‍ ഒരു മുറിക്ക്) ഇപ്പോള്‍ 20002500 വരെ ഉയര്‍ന്നു. ഇത്ര കൊടുത്താലും കിട്ടാത്ത അവസ്ഥ. 2 കിടപ്പുമുറിയുള്ള ഫ്‌ലാറ്റിന് 45,000 ദിര്‍ഹം ആയിരുന്നത് 55,000 ദിര്‍ഹം വരെയായി. ഒരുകിടപ്പുമുറിയുള്ള ഫ്‌ലാറ്റിന് 40,000ല്‍നിന്ന് 45,000 ആയും ഉയര്‍ന്നു. വാടക കൂടിയതോടെ ദൂര ദിക്കുകളിലേക്കു പോയി താമസിക്കുകയാണ് വാഹന സൗകര്യം ഉള്ളവര്‍. വാഹനമില്ലാത്തവര്‍ കൂടിയ നിരക്കില്‍ ഫ്‌ലാറ്റ് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.

നാട്ടിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്ക്കുന്ന മുറയ്ക്ക് കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടുവരുന്നവര്‍ ഒന്നോ രണ്ടോ മാസത്തേക്ക് ഫ്‌ലാറ്റുകളില്‍ ഷെയറിങിലാണ് താമസിക്കുക. കുടുംബത്തിന് വീസ എടുത്ത പലരും താമസ സ്ഥലം കിട്ടാതെ പരക്കം പായുകയാണ്. എവിടെയും ഷെയറിങ് കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന വാടകയും. വന്‍ വാടക കൊടുത്ത് പുതിയ ഫ്‌ലാറ്റ് എടുത്താല്‍ തന്നെ കട്ടില്‍, കിടക്ക, വാഷിങ് മെഷീന്‍, എ.സി തുടങ്ങി വീട്ടുപകരണങ്ങള്‍ വരെ പുതുതായി വാങ്ങണമെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു വന്‍തുക ചെലവു വരും. വെറും 2 മാസത്തേക്കു മാത്രമായി ഇത്രയും തുക ചെലവാക്കുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ഏതെങ്കിലും കുടുംബത്തോടൊപ്പം ഫ്‌ലാറ്റിലെ ഷെയറിങില്‍ താമസിച്ചാല്‍ ഇത്തരം ചെലവ് ഒഴിവാക്കാമെന്നതാണ് ആശ്വാസം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *