Posted By user Posted On

യുഎഇയിൽ വരുമാനത്തിന് അനുസരിച്ച് താമസസൗകര്യം; ‘അഫോർഡബിൾ ഹൗസിങ് നയം’ പ്രവാസികൾക്ക് നേട്ടമാകുമോ? അറിയാം വിശദമായി

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച അഫോർഡബിൾ ഹൗസിങ് നയം ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ഉണർവ് നൽകും. ജോലി സ്ഥലത്തിനടുത്ത് താങ്ങാനാകുന്ന ചെലവിൽ താമസമെന്നത് സൗകര്യത്തിന് ഉപരി ആവശ്യം കൂടിയാണ്. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തിനടുത്തുള്ള പുതിയ താമസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സൗകര്യങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും നയം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കുടുംബമായി താമസിക്കുന്നവ‍രിൽ ഭൂരിഭാഗവും ദുബായിൽ ജോലിയും ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽ താമസവുമെന്ന രീതിയിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ദുബായിലെ അപേക്ഷിച്ച് ഈ രണ്ട് എമിറേറ്റുകളിലും വാടക കുറവാണെന്നുളളതാണ് മിക്കവരെയും ഈ രീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ബാച്ച്ല‍‍റായി താമസിക്കുന്നവരാകട്ടെ യാത്ര സൗകര്യം കണക്കിലെടുത്താണ് ദുബായിലെ ബാച്ച്ലർ റൂമുകൾ തിരഞ്ഞെടുക്കുന്നത്. യാത്ര സമയവും ഊർജ്ജവും നഷ്ടമാണെങ്കിലും സാമ്പത്തിക ലാഭമെന്നുളളത് മാത്രം മുൻനിർത്തിയാണ് പലരും ദുബായിൽ ജോലിയും മറ്റ് എമിറേറ്റുകളിൽ താമസവുമെന്നത് തിരഞ്ഞെടുക്കുന്നത്. ഇതിന് ഒരു പരിധി വരെയെങ്കിലും മാറ്റം വരുത്താൻ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച അഫോർഡബിൾ ഹൗസിങ് നയത്തിന് കഴിഞ്ഞാൽ ദുബായിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാകുമത്. എണ്ണ ഇതര വരുമാനം ലക്ഷ്യമിട്ടാണ് ദുബായ് ഉൾപ്പടെയുളള എമിറേറ്റുകൾ പുതിയ നയപ്രഖ്യാപനങ്ങൾ നടത്തുന്നത്. ദുബായ് അർബൻ മാസ്റ്റ‍ർ പ്ലാൻ 2040 അതിലേറ്റവും പ്രധാനപ്പെട്ടതുമാണ്. ജീവിക്കാൻ എറ്റവും സുരക്ഷിതവും സുന്ദരവുമായ നഗരമാക്കി ദുബായിയെ നിലനിർത്തുകയെന്നുളളതാണ് മാസ്റ്റർ പ്ലാനിൻറെ അടിത്തറ. അഫോഡബിൾ ഹൗസിങ് നയവും ഇതോട് അനുബന്ധിച്ചാണ് നടപ്പിലാക്കുക. തൊഴിൽ അവസരങ്ങൾ വരുന്നതോടെ കൂടുതൽ പേർ ദുബായിലേക്ക് എത്തും. ജനസംഖ്യയിലെ വൈവിധ്യവും താമസ ആവശ്യകതകളുടെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ വിവിധ നിലവാരത്തിലുളള സൗകര്യങ്ങൾ ആവശ്യമായി വരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *