Posted By user Posted On

യുഎഇയിലുണ്ടായ വൻ അ​ഗ്നിബാധയിൽ ഇന്ത്യക്കാരുൾപ്പെടെ മരിച്ചവരുടെ എണ്ണം അഞ്ച് ആയി

യുഎഇയിലെ ഷാർജയിലുണ്ടായ അ​ഗ്നിബാധയിൽ മരണസംഖ്യ ഉയർന്നു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഈ മാസം നാലിനാണ് ഷാർജയിലെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. 750 അപാർട്മെന്‍റുകളുള്ള കെട്ടിടത്തിലെ 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 44 പേർ പുക ശ്വസിച്ച് അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 പേർ പിന്നീട് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. അഗ്നിബാധയുണ്ടായ ഉടൻ തന്നെ താമസക്കാരിൽ പലരും പുറത്തേക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി.

റെക്കോർഡ് സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിച്ചത് കൂടുതൽ അപകടം ഒഴിവാക്കാൻ വഴിയൊരുക്കി. കെട്ടിടത്തിലെ ഓരോ നിലയിലും എട്ട് ഫ്ലാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി–യിലായിരുന്നു അഗ്നിബാധയുണ്ടായത്. സംഗീതജ്ഞരായ എ.ആർ.റഹ്മാൻ, ബ്രൂണോ മാർസ് എന്നിവരുടെയടക്കം സംഗീത പരിപാടികളിൽ സൗണ്ട് എൻജിനീയറായി പ്രവർത്തിച്ചിരുന്ന മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഫിലിപ്പൈൻസ്, ആഫ്രിക്കൻ സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു. ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ് ഈ കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാ​ഗവും. കെട്ടിടങ്ങൾ നിങ്ങിനിറഞ്ഞ റസിഡൻഷ്യൽ ഏരിയയാണ് അൽ നഹ്ദ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *