Posted By user Posted On

സംഗീത പരിപാടകൾ, സ്റ്റേജ് ഷോ: യുഎഇയിൽ വിപുലമായ പെരുന്നാളാഘോഷം: വിപണികളി‍ൽ വൻ തിരക്ക്

യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും പെരുന്നാളാഘോഷം (ഈദുൽ ഫിത്ർ). തിങ്കൾ മുതൽ പെരുന്നാളവധി ആരംഭിച്ചു. നഗരവീഥികളിൽ കൂടുതൽ അലങ്കാരവിളക്കുകൾ സജ്ജീകരിച്ചു. ഈദ് ഗാഹുകൾ അടക്കം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദുഗാഹുകളും പള്ളികളും പെരുന്നാൾ പ്രാർഥനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 6.13 മുതലാണ് പെരുന്നാൾ നമസ്കാരം. രാവിലെ പ്രാർഥന നിർവഹിച്ച ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സംഗമം. കുട്ടികളും സ്ത്രീകളും ഇന്നലെ തന്നെ കൈകളിൽ മൈലാഞ്ചി മൊഞ്ച് പതിച്ചുതുടങ്ങി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ.

ഇപ്രാവശ്യം ചൂടില്ലാത്തതിനാൽ ഉച്ച ഭക്ഷണത്തിന് ശേഷം ആളുകൾ വീടിന് പുറത്തിറങ്ങിത്തുടങ്ങും. പ്രധാനമായും പാർക്കുകളിലും ബീച്ചുകളിലും സമയം ചെലവഴിക്കാനായിരിക്കും തീരുമാനം. മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങൾ വേനലവധി പ്രമാണിച്ച് നാട്ടിലേയ്ക്ക് പോയിട്ടുണ്ട്. പെരുന്നാളവധി ചെലവഴിക്കാനും ഒട്ടേറെ പേർ പോയി. എന്നാൽ അതിലുമേറെ ഇരട്ടിയിലേറെ വരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം യാത്ര മാറ്റിവച്ചിട്ടുമുണ്ട്. ചിലർ ജോർജിയ, അസർബൈജാൻ, ഉസ്ബക്കിസ്ഥാൻ, അർമേനിയ, തുർക്കി, ഒമാൻ തുടങ്ങിയ കേന്ദ്രങ്ങളിലും കറങ്ങാനും യാത്ര തിരിച്ചു. മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശിച്ച ശേഷം ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷത്തിൽ പങ്കുചേരാൻ സൗദിക്ക് പോയവരുമുണ്ട്.


സകാത്ത് ഒരാൾക്ക് 25 ദിർഹം
പെരുന്നാളിന് മുന്നോടിയായുള്ള നിർബന്ധദാനമായ ഫിത്ർ സകാത്ത് പണമായി നൽകാനുള്ള അനുവാദം യുഎഇ ഫത് വ കൗൺസിൽ സ്ഥിരീകരിച്ചു. ഒരാൾക്ക് 25 ദിർഹം ആണ് നിശ്ചയിച്ചത്. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്ലിങ്ങൾക്കും ഈ ദാനധർമം നിർബന്ധിത ബാധ്യതയാണ്.

സംഗീത പരിപാടകൾ, സ്റ്റേജ് ഷോ
കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീതം, ആകർഷകമായ കായികപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ (തിങ്കൾ) മുതൽ 14 വരെയാണ് യുഎഇയിൽ പെരുന്നാൾ അവധി. 15-ന് വീണ്ടും ജോലിത്തിരക്കിലേയ്ക്ക്. ഇന്ന് പെരുന്നാളയിരുന്നെങ്കിൽ സ്വകാര്യ കമ്പനികൾ നാളെയും പ്രവർത്തിക്കുമായിരുന്നു.

വിപണികളി‍ൽ വൻ തിരക്ക്
പെരുന്നാൾ പ്രമാണിച്ച് സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളിലും മാളുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നു. 30 നോമ്പും ലഭിച്ചതോടെ ആളുകൾക്ക് ഷോപ്പിങ്ങിനും മറ്റും യഥേഷ്ടം സമയം ലഭിച്ചു. മിക്കയിടത്തും ഭക്ഷണ സാധനങ്ങൾക്കും വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇറച്ചിക്കും മത്സ്യത്തിനും വിലക്കുറവുണ്ട്. വിവിധ എമിറേറ്റുകളിലെ ആട് – മാട് വിപണികളിലും മത്സ്യച്ചന്തകളിലും പച്ചക്കറി മാർക്കറ്റുകളിലും തിരക്കനുഭവപ്പെടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *