ബാന്‍ഡ് എയ്‌ഡുകളിൽ കാൻസറിന് കാരണമാകുന്ന ഫോർഎവർ കെമിക്കൽസ്; വിശദമായി അറിയാം
പ്ലാസ്റ്റിക് ബാൻഡ് എയ്ഡുകളിൽ കാൻസറിന് കാരണമാകുന്ന ഫോർഎവർ കെമിക്കൽസ് എന്ന് വിളിക്കപ്പെടുന്ന പിഎഫ്എഎസ്( per- and polyfluoroalkyl substances)ന്റെ സാന്നിധ്യം കണ്ടെത്തി. എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സിവിഎസ് തുടങ്ങി അമേരിക്കയിലെ 40ലധികം ബാൻഡേജുകളിൽ നടത്തിയ പരിശോധനയിൽ 65 ശതമാനത്തോളം ബാൻഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയതായി എൻവയോൺമെന്റൽ വെൽനസ് ബ്ലോഗായ മാമാവേഷൻ ഗവേഷകർ പറയുന്നു. കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. പ്ലാസ്റ്റിക്കുകൾക്ക് കൂടുതൽ വഴക്കം വരാനാണ് പിഎഫ്എഎസ് പൊതുവെ ചേർക്കുന്നത്. ഇത് ശരീരത്തിലെത്തിയാല്‍ വർഷങ്ങളോളം നിലനിൽക്കുമെന്നും കാൻസർ, പ്രത്യുത്പാദനസംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് തകരാറുകൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നും പഠനത്തിൽ ചൂണ്ടികാട്ടി.
ബാൻഡ് എയ്ഡുകൾ നേരിട്ട് മുറിവുകളിലേക്ക് വെക്കുന്നതായതിനാൽ ഇവ ശരീരത്തിലേക്ക് എളുപ്പത്തിലെത്തുമെന്നതാണ് സാഹചര്യം വഷളാക്കുന്നത്. നോൺസ്റ്റിക്ക് കുക്ക് വെയർ, ഷാംപൂ, മേക്ക്അപ് വസ്തുക്കൾ തുടങ്ങിയ മറ്റുപലതിലും ഇവ ക്രമാതീതമായ അളവിൽ ഉള്ളതായി പഠനത്തിൽ പറയുന്നുണ്ട്. കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം കെമിക്കലുകൾ മുറിവുണക്കാൻ ഉപയോഗിക്കേണ്ടതില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് ആന്റ് നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം മുൻ ഡയറക്ടറായ ലിൻഡാ എസ് ബിൺബൗം പറഞ്ഞു. ബാൻഡ് എയ്ഡുകൾ വാങ്ങും മുമ്പ് അവ പിഎഫ്എഎസ് മുക്തമാണെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. ഇത്തരം പ്ലാസ്റ്റിക് ബാൻഡ് എയ്‌ഡുകൾക്ക് പകരം കോട്ടൺ ബാൻഡേജുകളോ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും പഠനത്തിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)