യുഎഇയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു; പ്രവാസി യുവാവ് പിടിയിൽ
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചതിനും സ്യൂട്ട്‌കേസില്‍ സൂക്ഷിച്ചതിനും 26 കാരനായ ഏഷ്യന്‍ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി ഏപ്രില്‍ 29 ന് ദുബായ് അപ്പീല്‍ കോടതി ശരിവച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുമെന്നും വിധിയില്‍ കൂട്ടിച്ചേര്‍ത്തു. 2022 ജനുവരി 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്റര്‍നാഷണല്‍ സിറ്റിയില്‍ താമസിക്കുന്ന യുവാവിന്റെ താമസസ്ഥലത്തേക്ക് യുവതി വന്നു. ശേഷം അവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി കോടതി രേഖകള്‍ കാണിക്കുന്നു. വഴക്ക് രൂക്ഷമായതോടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. യുവതിടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അയാള്‍ വേസ്റ്റ് പൈപ്പിലിട്ടു. ശേഷം യുവാവിന്റെ ഫ്‌ലാറ്റ് മേറ്റ്‌സ് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും മൃതദേഹം കണ്ടില്ല. പിറ്റേന്ന് രാവിലെ, ജബല്‍ അലിയിലേക്ക് പോയി യുവാവ് ഹോട്ടല്‍ മുറി എടുത്തു. തുടര്‍ന്ന് കൊലപാതക വിവരം അറിയിച്ച് തന്റെ രണ്ട് ഫ്‌ലാറ്റ്‌മേറ്റുകള്‍ക്ക് സന്ദേശമയച്ചു. മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തെടുക്കണമെന്ന് ഇരുവരും നിര്‍ബന്ധിച്ചു.
ശേഷം അയാള്‍ ഒരു വലിയ സ്യൂട്ട്കേസ് വാങ്ങി. മൃതദേഹം പായ്ക്ക് ചെയ്തു, മാലിന്യ ബിന്നിനടുത്ത് ഉപേക്ഷിച്ചു. അവിടെ നിന്ന് 2022 ജനുവരി 29 ന് ഒരു സെക്യൂരിറ്റി ഗാര്‍ഡാണ് മൃതദേഹം കണ്ടെത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും പോലീസ് ചോദ്യം ചെയ്യലിനിടെ ഒരു ഡാന്‍സ് ക്ലബ്ബില്‍ വച്ചാണ് യുവതിയെ കണ്ടുമുട്ടിയതെന്ന് ഇയാള്‍ പറഞ്ഞു.
പോലീസ് ചോദ്യം ചെയ്യലില്‍ ആദ്യം പ്രതി കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. എന്നിരുന്നാലും, കൊലപാതകക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഫ്‌ലാറ്റ്മേറ്റുകള്‍ക്കെതിരെയും കുറ്റം ചുമത്തിയെങ്കിലും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ മൂന്ന് മാസം വീതം തടവിന് ശിക്ഷിക്കപ്പെട്ട ഇവരെ നാടുകടത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)