Posted By user Posted On

യുഎഇയിൽ അതിശയിപ്പിക്കുന്ന തരത്തില്‍ പച്ച വിരിച്ച് മരുഭൂമി; കാഴ്ചക്കാരുടെ ഒഴുക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ അടുത്തിടെ സാക്ഷ്യം വഹിച്ചത്. അതിന് ശേഷം രാജ്യം പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന അതിമനോഹര കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മണല്‍ കൂനകളിലും പര്‍വതങ്ങളിലുമെല്ലാം ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത് യുഎഇ നിവാസികള്‍ക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങള്‍ക്കും ആടുകള്‍ക്കും തീറ്റയും സുലഭമായി. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ് മരുപ്പച്ചയുടെ യഥാര്‍ഥ ഭംഗി അറിയുക. ഹജ്ര്‍ മലനിരകളുടെ സാന്നിധ്യം ഏറെയുള്ള ഈ എമിറേറ്റുകളില്‍ താരതമ്യേന മഴയും തണുപ്പും കൂടും. മഴയില്‍ ഇവിടത്തെ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ചെറുതും വലുതുമായ കുന്നുകളെല്ലാം പച്ചവിരിച്ചുകിടക്കുന്നത് ഇതുവഴി കടന്നുപോകുന്നവര്‍ കണ്‍നിറയെ ആസ്വദിക്കുകയാണ്. വരണ്ട മരുഭൂമിയും വിവിധ വര്‍ണങ്ങളിലുള്ള പാറക്കല്ലുകളും നിറഞ്ഞ പ്രദേശമായിരുന്നു ഇതെന്ന് തോന്നാത്തവിധം ചെടികള്‍ നിറഞ്ഞു. തീവ്രമഴ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും യുഎഇയെ അത്യപൂര്‍വ പച്ചയണിയിച്ച മനോഹര ദൃശ്യം അതെല്ലാം മായ്ക്കും.
പുതിയ തീരവും പുത്തന്‍ പ്രതീക്ഷകളുമായി ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കൂടുകയാണ്. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് ദൃശ്യം ഫ്രെയിമിലാക്കുന്ന തിരക്കിലാണ് പലരും. സെല്‍ഫിയെടുത്തും തല്‍സമയ വിഡിയോ ചിത്രീകരിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. വീട്ടുകാരെ വിഡിയോ കോളില്‍ വിളിച്ച് വിദേശത്തെ ട്രിപ്പിലാണെന്ന് പറഞ്ഞു പറ്റിച്ചവരും ഏറെ. ഇതു യുഎഇ ആണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് മലയാളികള്‍ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *