Posted By user Posted On

ഗള്‍ഫില്‍ വീണ്ടും മെര്‍സ് കൊറോണ വൈറസ് സ്ഥിരീകരിച്ചു, ഒരു മരണം

ഗള്‍ഫില്‍ വീണ്ടും മെര്‍സ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആണ് മൂന്ന് പേര്‍ക്ക് കൂടി മെര്‍സ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തുവെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളില്‍ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രില്‍ 10നും 17നും ഇടയിലാണ് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന മെര്‍സ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
സൗദി തലസ്ഥാനമായ റിയാദിലാണ് പുതിയ മെര്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും 56നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. മൂന്ന് പേര്‍ക്കും നേരത്തെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ ആരും ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു. റിയാദിലെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രോഗ പകര്‍ച്ച ഉണ്ടായത്. എന്നാല്‍ ആദ്യ രോഗിക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന് കണ്ടെത്താന്‍ അന്വേഷണങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആദ്യമായി രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പുതിയ രണ്ട് കേസുകള്‍ കൂടി കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച മൂന്ന് പേരും സൗദി പൗരന്മാരാണ്. റിയാദില്‍ താമസിക്കുന്ന 56 വയസുകാരനായ അധ്യാപകനാണ് മാര്‍ച്ച് 29ന് പനിയും ചുമയും ജലദോശവുമായി റിയാദിലെ ഒരു ആശുപത്രിയിലെത്തിയത്. ഇയാളെ പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയും ദിവസങ്ങള്‍ക്ക് ശേഷം രോഗ ലക്ഷണങ്ങള്‍ ഗുരുതരമായി ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴാണ് മെര്‍സ് സ്ഥിരീകരിച്ചത്. മറ്റ് നിരവധി രോഗങ്ങള്‍ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം ഏപ്രില്‍ ഏഴിന് മരണപ്പെട്ടു.
രോഗി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയപ്പോള്‍ അവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്കും പിന്നീട് വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ അടുത്ത ബെഡിലുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊന്നും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെര്‍സ് മനുഷ്യരിലേക്ക് ബാധിക്കുന്നത് ഒട്ടകങ്ങളില്‍ നിന്നാണെങ്കിലും രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമില്ല. അതുകൊണ്ടുതന്നെ ആദ്യ രോഗിക്ക് രോഗബാധ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.
പുതിയ മൂന്ന് കേസുകളോടെ ഈ വര്‍ഷം സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മെര്‍സ് കേസുകളുടെ എണ്ണം നാലായി. നേരത്ത ജനുവരിയില്‍ രോഗം സ്ഥിരീകരിച്ച 32 വയസുകാരന് ഇപ്പോഴത്തെ രോഗികളുമായി ബന്ധമൊന്നുമില്ല. തായിഫ് സ്വദേശിയായ ആ രോഗിക്ക് ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഫെബ്രുവരിയിലാണ് ഈ രോഗി മരിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *