Posted By user Posted On

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിൽ മലയാളി വനിതയ്ക്ക് നഷ്ടമായത് ഭീമമായ തുക

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വിലയുന്നു. മലയാളി വനിതയ്ക്ക് 2 മണിക്കൂറിനകം നഷ്ടമായത് 16.95 ലക്ഷം രൂപ (75,000 ദിര്‍ഹം). ഇതുപോലെ ദിവസേന ആയിരക്കണക്കിന് ആളുകളില്‍നിന്ന് മണിക്കൂറുകള്‍ക്കകം തട്ടിയെടുക്കുന്നത് കോടികള്‍. മെച്ചപ്പെട്ട ജോലിക്കായി ഓണ്‍ലൈനില്‍ അന്വേഷിച്ചുകൊണ്ടിരുന്ന അങ്കമാലി സ്വദേശിനിക്ക് എസ്എംഎസിലൂടെ ജോലി വാഗ്ദാനം ലഭിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. യുഎഇയിലെ മീഡിയ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ പാര്‍ട്ട് ടൈം ജോലിക്കാരെ തേടുകയാണെന്നും ഒഴിവുസമയത്തോ വാരാന്ത്യങ്ങളിലോ ജോലി ചെയ്യാമെന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പുകാര്‍ അയച്ച യുട്യൂബ് സ്റ്റോറി കണ്ട് സബ്‌സ്‌ക്രൈബ് ചെയ്യുകയായിരുന്നു ആദ്യജോലി. അതുചെയ്തു കഴിഞ്ഞാല്‍ 50 ദിര്‍ഹം ലഭിക്കും. ഇതിന് 3 മുതല്‍ 5 മിനിറ്റ് മതി. ഇങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യുന്ന യുട്യൂബ് ചാനലുകളുടെ എണ്ണത്തിന് അനുസരിച്ച് ദിവസേന 780 മുതല്‍ 2000 ദിര്‍ഹം വരെ സമ്പാദിക്കാം എന്നും പറഞ്ഞു. അതുവരെ വാട്‌സാപ്പില്‍ ചാറ്റ് ചെയ്തവര്‍ പിന്നീട് ടെലിഗ്രാമിലേക്കു മാറി. ടെലിഗ്രാമില്‍ ഗ്രൂപ്പില്‍ ദിവസേന 28 ടാസ്‌ക് ഇടും. അതില്‍ ഒരു ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 10 ദിര്‍ഹം വീതം ലഭിക്കും.

മുഴുവനും പൂര്‍ത്തിയാക്കുന്നവര്‍ക്ക് 280 ദിര്‍ഹത്തിനു പുറമെ 500 ദിര്‍ഹം അധിക പ്രതിഫലമായി മൊത്തം 780 ദിര്‍ഹം ലഭിക്കും. ഓരോ ഇടപാട് കഴിയുമ്പോഴും സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കണം. 2 ദിവസത്തെ ജോലി തൃപ്തികരമല്ലെങ്കില്‍ പറഞ്ഞുവിടുമെന്നും പറയും. ഓരോ ടാസ്‌കും 2 മുതല്‍ 10 മിനിറ്റിനകം തീര്‍ക്കാവുന്നതാണ്. പറഞ്ഞ സമയത്ത് തീര്‍ത്തില്ലെങ്കില്‍ പ്രതിഫലം ലഭിക്കില്ലെന്നും സൂചനയുണ്ട്. വാഗ്ദാനപ്രകാരം യുവതിക്ക് 8 വീഡിയോയ്ക്ക് 80 ദിര്‍ഹം ലഭിച്ചു. അടുത്തത് ബിസിനസ് ടാസ്‌ക് ആണെന്നും 100 ദിര്‍ഹം നിശ്ചിത അക്കൗണ്ടിലേക്കു അയച്ചാല്‍ ലാഭവിഹിതം ചേര്‍ത്ത് 185 ദിര്‍ഹം തിരിച്ചു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞതുപോലെ 100 ദിര്‍ഹം അയച്ചു. 15 മിനിറ്റിനകം 185 ദിര്‍ഹം അക്കൗണ്ടിലെത്തി. അടുത്ത ടാസ്‌ക് 3000 ദിര്‍ഹത്തിന്റേതായിരുന്നു. ആ തുകയും അയച്ചു. ഉടന്‍ പ്രതിഫലവും ലാഭവിഹിതവും ചേര്‍ത്ത് 6000 ദിര്‍ഹം അക്കൗണ്ടിലെത്തി. പിന്നെ വന്നത് 30,000 ദിര്‍ഹത്തിന്റെ ടാസ്‌ക്. അതു നല്‍കിയാല്‍ കിട്ടാന്‍ പോകുന്നത് 60,000 ദിര്‍ഹത്തിലേറെ. ആ തുകയും അയച്ചുകൊടുത്തു. എന്നാല്‍ പ്രതിഫലം വരാതായതോടെ അന്വേഷിച്ചു. വാട്‌സാപ് ചാറ്റ് മാത്രമായിരുന്നു ആശ്രയം. ഈ ടാസ്‌കിന്റെ കമ്മിഷന്‍ ലഭിക്കണമെങ്കില്‍ 45000 ദിര്‍ഹം കൂടി അയയ്ക്കണമെന്നായി.

അതിനിടെ ഷെയര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് പോലുള്ള ഒരു സൈറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ ഇടപാട് വിവരങ്ങള്‍ അതില്‍ തെളിഞ്ഞു. അതു നോക്കിയാല്‍ ബിസിനസ് ഗ്രോത്ത് മനസിലാക്കാമെന്ന് പറഞ്ഞതോടെ 45000 ദിര്‍ഹം സംഘടിപ്പിച്ച് അയച്ചുകൊടുത്തു. നേരത്തെ നഷ്ടപ്പെട്ട 30,000 ദിര്‍ഹം ഉള്‍പ്പെടെ 75,000 ദിര്‍ഹമും അതിന്റെ കമ്മിഷനും ഗ്രൂപ്പ് ലാഭവുമെല്ലാം ചേര്‍ത്ത് ഒരു ലക്ഷത്തിലേറെ ദിര്‍ഹം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ വീണ്ടും 54,000 ദിര്‍ഹം അയച്ചാലേ ടാസ്‌ക് പൂര്‍ണമാകൂ എന്ന് കേട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത്. 2 മണിക്കൂറിനിടെ യുവതിക്കു നഷ്ടപ്പെട്ടത് 16.95 ലക്ഷം രൂപയും (75,000 ദിര്‍ഹം).
2 ദിവസം കൂടി കാത്തിരുന്നിട്ടും അക്കൗണ്ടില്‍ പണം വന്നില്ല. മാനസിക സമ്മര്‍ദത്തിലായതോടെ വിവരം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സൈബര്‍ ക്രൈമിലും പരാതി നല്‍കി. ടാസ്‌കിനിടെ നടത്തിയ വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ചാറ്റ് ആശയവിനിമയവും പണം അയച്ച അക്കൗണ്ട് നമ്പറും മാത്രമാണ് തെളിവായി ഇവരുടെ പക്കലുള്ളത്. ഈ ബാങ്കുകളെല്ലാം യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അതുവഴി തട്ടിപ്പുകാരെ കണ്ടെത്തി പണം വീണ്ടെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. വര്‍ഷങ്ങളുടെ സമ്പാദ്യമാണ് തട്ടിപ്പിലൂടെ നിമിങ്ങള്‍കൊണ്ട് യുവതിക്ക് നഷ്ടമായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *