യുഎഇ : സന്ദർശക വിസയിലെത്തുന്നവർക്ക് ഗ്രേസ് പിരിയഡില്ല, ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം
യുഎഇയിലേക്ക് കർശന നിയമങ്ങൾ പാലിച്ച് മാത്രമേ ഇപ്പോൾ സന്ദർശക വിസയിലെത്തുന്നവർക്ക് പ്രവേശനമുള്ളൂ. സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന കേസുകൾ വർധിച്ചതാണ് കർശന നിയന്ത്രണങ്ങൾക്ക് കാരണമായത്. വിസിറ്റ് വിസയിലെത്തിയവർ എയർപോർട്ടിൽ നിന്ന് മടങ്ങേണ്ടി വന്നാലോ ഒളിച്ചോടിയ കേസ് ഫയൽ ചെയ്താലോ ട്രാവൽ ഏജൻസികൾക്കും സാമ്പത്തിക പ്രശ്നമുണ്ടാക്കുന്നുണ്ട്. അതിനാൽ ട്രാവൽ ഏജൻസികളും വിസിറ്റ് വിസയിലെത്തുന്നവരും യുഎഇയിലെ പുതിയ നിയമ വ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. വിസിറ്റ് വിസയിലെത്തുന്നവർ കുറഞ്ഞത് 3000 ദിർഹമോ തത്തുല്യമായ സംഖ്യയുടെ കറൻസിയോ, ക്രെഡിറ്റ് കാർഡോ കരുതണം. കൂടാതെ, യുഎഇയിലെ താമസസൗകര്യത്തെക്കുറിച്ചുള്ള വിവരം, ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ കൂടെയാണ് താമസിക്കാനുദ്ദേശിക്കുന്നതെങ്കിലും അവരുടെ മേൽവിലാസം, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, സാധുവായ മടക്കടിക്കറ്റ് തുടങ്ങിയവയൊക്കെ ഈ വിസയിലെത്തുന്നവർ കയ്യിൽ കരുതണം. അല്ലാത്തപക്ഷം, ഇവരെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്.
സന്ദർശക വീസയിൽ യുഎഇയിൽ എത്തിയ ഒരാൾ കാലാവധിക്ക് ശേഷം തിരിച്ചുപോകാതെ ഒളിച്ചോട്ട കേസിൽ അകപ്പെട്ടാൽ ട്രാവൽ ഏജൻസികൾ 2,500 ദിർഹം പിഴയൊടുക്കേണ്ടതുണ്ട്. കൂടാതെ ഏജൻസിയുടെ വീസ ക്വാട്ട കുറയുകയും ചെയ്യും. ഒരാൾ ഒളിച്ചോടിയ കേസ് ട്രാവൽ ഏജൻസിക്ക് ഫയൽ ചെയ്യണമെങ്കിൽ പിഴ ലഭിച്ചതു മൂലമുള്ള സ്റ്റാറ്റസ് നീക്കം ചെയ്യാൻ സന്ദർശകർക്ക് ഏറ്റവും കുറഞ്ഞത് 2,000 ദിർഹം പിഴയും അധിക അഡ്മിനിസ്ട്രേഷൻ, എക്സിറ്റ് ഫീസും അടയ്‌ക്കുകയും വേണം. ഈ ചെലവുകൾ സന്ദർശക വീസക്കാർക്കും ട്രാവൽ ഏജൻസികൾക്കും അമിതഭാരമായി മാറുന്നതാണ്. അതിനാൽ സന്ദർശക വിസയിലെത്തുന്നവർ ഈ നിയമവശങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം
സന്ദർശക വിസയിലെത്തുന്നവർക്ക് കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങാൻ സാധിക്കുമെന്ന ചിന്തയാണ് പലരും നിയമം ലംഘിക്കാൻ കാരണമാകുന്നത്. വീസ കാലഹരണ തീയതിക്ക് ശേഷം രാജ്യത്ത് തുടരാൻ 10 ദിവസത്തെ ഗ്രേസ് പീരിയഡ് ഉണ്ടെന്നാണ് പലരുടെയും തെറ്റായ ധാരണ. എന്നാൽ ഈ ഗ്രേസ് പീരിയഡ് കഴിഞ്ഞ വർഷം നീക്കം ചെയ്‌തിരുന്നു. ഇതറിയാത്തതിനാലാണ് പലരും കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങാൻ കാരണമാകുന്നത്. കൊവിഡിന് ശേഷം യുഎഇയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ബിരുദക്കാർ പോലും കഫ്റ്റീരിയകളിലും ഗ്രോസിറികളിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ വസ്തുതകൾ തിരിച്ചറിയാതെ വ്യാജ ജോലി വാഗ്ദാനങ്ങളിൽ ഉൾപ്പെട്ട് നിരവധി പേരാണ് യുഎഇയിലെത്തുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)