യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ വിമാനത്താളത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്
വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന പ്രവാസികൽ വിമാനത്താവളത്തിലെ തിരക്കിൽപ്പെടാതിരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധ്യകൃതർ. യാത്രക്കാർ സ്മാർട്ട്, ഏർലി, ഓൺലൈൻ ചെക്ക്–ഇൻ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാം. വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ ക്യു ടെർമിനലിനു പുറത്തേക്കും നീളുന്ന സാഹചര്യത്തിലാണ് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയത്. തിരക്കുമൂലം പലർക്കും സമയത്തിന് ചെക്ക്–ഇൻ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്.
യാത്രക്ക് പുറപ്പെടുന്നതിന് മുൻപ്
വിമാന യാത്രക്ക് വേണ്ടി പുറപ്പെടുന്നതിന് മുൻപ് തന്നെ പാസ്പോർട്ട്, ടിക്കറ്റ്, ലഗേജ് പരിധി എന്നിവ വീട്ടിൽവെച്ച് പരിശോധിച്ച് ഉറപ്പാക്കണം. ഓരോ വിമാന കമ്പനിയും യാത്രക്കാർക്ക് അനുവദിച്ച ബാഗേജ് എത്രയെന്ന് മനസ്സിലാക്കി അതനുസരിച്ച് പായ്ക്ക് ചെയ്യണം. അമിത ലഗേജ് പരിധി ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു തന്നെ ആവശ്യപ്പെട്ട് പണമടയ്ക്കുകയും ചെയ്താൽ ചെക്ക്–ഇൻ സമയത്തെ സമയവും നടപടിക്രമങ്ങളും കുറയ്ക്കാം.
വിമാന സമയം പരിശോധിക്കണം
യാത്രയ്ക്കു മുൻപ് വിവിധ വിമാന കമ്പനികളുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി വിമാനത്തിന്റെ സമയം ഒന്നുകൂടി ഉറപ്പാക്കണം. ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്യുക, ഇഷ്ട സീറ്റ് തിരഞ്ഞെടുക്കുക, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യുക, ഈ സേവനം ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്. വിമാനത്തിൽ ഏതു സിനിമ കാണണമെന്നുവരെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓരോ സമയങ്ങളിലുമുള്ള വിവിധ രാജ്യങ്ങളുടെ നിയമ മാറ്റത്തെക്കുറിച്ചും അറിയാം. ചില വിമാന കമ്പനികളുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാലും ഏറ്റവും പുതിയ യാത്രാ നിയമം, വിമാന സമയം, ബാഗേജ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
വിദേശത്തേക്ക് പോകുന്നവർ
വിദേശത്തേക്ക് യാത്ര പോകുന്നവർ ആ രാജ്യത്തെ യാത്രാ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം. സ്മാർട്ട് ഗേറ്റ് സേവനത്തിലൂടെ കൗണ്ടറിലെ തിരക്കു കുറയ്ക്കാം. ദുബായ് എയർപോർട്ട് വഴി പോകുന്നവർ മെട്രോ സേവനം ഉപയോഗപ്പെടുത്തിയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുമെന്നും ഉറപ്പാക്കാം. അതിഥികളെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും എത്തുന്നവർ കാർ പാർക്ക് സേവനം പ്രയോജനപ്പെടുത്തണം.
ഓൺലൈൻ ചെക്–ഇൻ
എയർലൈന്റെ വെബ്സൈറ്റിലോ ആപ് മുഖേനയോ 48 മണിക്കൂർ മുൻപ് മുതൽ ഓൺലൈൻ ചെക്–ഇൻ സൗകര്യവുണ്ട്. തുടർന്ന് സെൽഫ് സർവ്വീസ് മെഷീനിൽ ബാഗേജ് നൽകി ഡിജിറ്റൽ ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്തെടുത്തു യാത്ര തുടരാം.
സിറ്റി ചെക്–ഇൻ
ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ അബുദാബി, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക്–ഇൻ സൗകര്യമുണ്ട്. യാത്രയ്ക്ക് 4 മണിക്കൂർ മുൻപുവരെ ഇവിടെ ബാഗേജ് നൽകി ബോർഡിങ് പാസ് എടുത്താൽ തിരക്കില്ലാതെ എയർപോർട്ടിലെത്താം.അവിടുന്ന് നേരെ എമിഗ്രേഷനിലേക്ക് പോകാം.
ഏർലി ചെക്–ഇൻ
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ലഗേജ് നൽകാനുള്ള സൗകര്യമുണ്ട്. അമേരിക്ക, ഇസ്രയേൽ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് 12 മണിക്കൂർ മുൻപും ലഗേജ് നൽകാം.
ഹോം ചെക്–ഇൻ
ഇത്തിഹാദ് ഉൾപ്പെടെ ചില എയർലൈനുകൾ വീട്ടിലെത്തി ബാഗേജ് ശേഖരിക്കുന്ന സംവിധാനവും ആരംഭിച്ചു. യാത്രക്കാരുടെ എണ്ണം അനുസരിച്ച് നിശ്ചിത തുക സർവീസ് ചാർജ് ഉണ്ടാകും. പരമാവധി 220 ദിർഹം അധികം നൽകേണ്ടിവരും.
സെൽഫ് ചെക്ക്–ഇൻ
ഓൺലൈൻ, സിറ്റി ചെക്ക്–ഇൻ സർവ്വീസ് ഉപയോഗപ്പെടുത്താത്തവർക്ക് എയർപോർട്ടിലെ സെൽഫ് ചെക്–ഇൻ കിയോസ്കുകൾ ഉപയോഗപ്പെടുത്തി ബോർഡിങ് പാസ് പ്രിന്റെടുക്കാം. ലഗേജും ഇവിടെ നൽകാം. വിമാനത്തിലെ സീറ്റും തിരഞ്ഞെടുക്കാം.
സ്മാർട്ട് ടണൽ
ദുബായ് എയർപോർട്ടിൽ സ്മാർട്ട് ടണൽ സേവനം ഉണ്ട്. ഒരിക്കൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കാതെ മുഖം സ്കാൻ ചെയ്ത് നടപടി പൂർത്തിയാക്കുന്ന പുത്തൻ സംവിധാനമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)