Posted By user Posted On

എന്താണ് ക്രെഡിറ്റ് കാർഡ്, ഇക്കാര്യങ്ങൾ അറിയാമോ, ​ഗുണങ്ങൾ ഏറെയുണ്ട്, ദോഷങ്ങളും അറിഞ്ഞിരിക്കണം

ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.

വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകാത്തവിധം അമിതവ്യയ ശീലമുള്ളവർ ക്രെഡിറ്റ്‌ കാർഡുകൾ വെച്ചുനീട്ടുന്ന ബാങ്കുകളുടെ ഓഫറുകളിൽ പ്രലോഭിതരാകുന്നതിനു മുൻപ്‌ വാരൻ ബഫെറ്റിന്റെ വാക്കുകൾ ഓർക്കുന്നത്‌ ഉചിതമായിരിക്കും. പ്രത്യേകിച്ച്‌ യാതൊരു ഈടും ആവശ്യമില്ലാതെ ക്രെഡിറ്റ്‌ അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം സാമ്പത്തിക അച്ചടക്കമില്ലാത്തവരെ കടക്കെണിയിൽപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്‌. അതേസമയം, പ്ലാസ്റ്റിക്‌ മണിയോടുള്ള വാരൻ ബഫെറ്റിന്റെ സമീപനം ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗത്തിന്റെ കാര്യത്തിലുള്ള അന്തിമമായ ഒരു തീർപ്പായി കരുതേണ്ടതില്ല. ഉപഭോഗത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെ രീതികൾ അതിദ്രുതം മാറുമ്പോൾ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗം ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്തതായി വരും.

മിതവ്യയം ശീലമാക്കിയവർക്ക്‌ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ പ്രയോജനങ്ങൾ പലതുണ്ട്‌. മറ്റേതൊരു ധനകാര്യ ഉത്പന്നത്തെയും പോലെ ക്രെഡിറ്റ്‌ കാർഡും ദോഷവും ഗുണവും ചെയ്യുന്നത്‌ ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശീലങ്ങളെ ആശ്രയിച്ചാണ്‌.

ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണെന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡിറ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.

ക്രെഡിറ്റ്‌ കാർഡ്‌ കൊണ്ടുള്ള പരോക്ഷമായ ഗുണങ്ങളുമുണ്ട്‌. മറ്റ്‌ വായ്പകൾ എടുക്കാത്തവർക്ക്‌ ക്രെഡിറ്റ്‌ സ്കോർ ഉയർത്താൻ ക്രെഡിറ്റ്‌ കാർഡ്‌ സഹായകമാണ്‌. പിൽക്കാലത്ത്‌ ഭവനവായ്പ പോലുള്ള വലിയ വായ്പകൾക്ക്‌ അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ ഉറപ്പുവരുത്താൻ കൃത്യസമയത്ത്‌ തിരിച്ചടക്കുന്ന ക്രെഡിറ്റ്‌ കാർഡ്‌ ഇടപാടുകൾ വഴി നേടിയെടുത്ത മികച്ച ക്രെഡിറ്റ്‌ സ്കോർ സഹായകമാകും.

ദോഷഫലങ്ങൾ ഒഴിവാക്കാം

പ്രതിമാസ ബജറ്റിന്‌ മുകളിലേക്ക്‌ ചെലവ്‌ ഉയരാത്ത വിധമാകണം ഓരോ മാസത്തെയും ക്രെഡിറ്റ്‌ കാർഡ്‌ വഴിയുള്ള ഉപഭോഗം. ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാനും ശീലിക്കുക.എ.ടി.എമ്മുകളിൽനിന്ന്‌ പണം പിൻവലിക്കുന്നതിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിക്കരുത്‌. വളരെ ഉയർന്ന പലിശയാണ്‌ നൽകേണ്ടിവരുക എന്നതുതന്നെ കാരണം.ഒന്നിൽ കൂടുതൽ ക്രെഡിറ്റ്‌ കാർഡുകളുണ്ടെങ്കിൽ ബില്ലിങ് തീയതി അടുത്തുനിൽക്കുന്ന കാർഡ്‌ ഉപയോഗിക്കുന്നതിനു പകരം ബില്ലിങ് തീയതിക്ക് കൂടുതൽ ദിവസങ്ങളുള്ള കാർഡ്‌ ഉപയോഗിക്കുക. ഇത്‌ സൗജന്യ വായ്പ കാലയളവ്‌ ദീർഘിപ്പിക്കാൻ സഹായിക്കും.ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച്‌ സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യ വായ്പ കാലയളവിനുള്ളിൽ ബിൽ തുക അടച്ചിരിക്കണം. ഇല്ലെങ്കിൽ പ്രതിമാസ പലിശയും കുറഞ്ഞ തുക അടച്ചില്ലെങ്കിൽ ലേറ്റ്‌ ഫീസും നൽകേണ്ടിവരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *