വീട്ടിലെ മോഷണശ്രമം യുഎഇയിലിരുന്ന് കണ്ട് പ്രവാസി മലയാളി: അയൽവാസിയെ അറിയിച്ചു, കള്ളന്മാർ ഓടിരക്ഷപ്പെട്ടു
അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി കണ്ടതോടെ കള്ളന്മാർ മുങ്ങി. കണ്ണൂർ കുന്നോത്തുപറമ്പിലാണ് സംഭവം. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒൻപതരയോടെ രണ്ട് പേർ മോഷ്ടിക്കാൻ എത്തിയത്. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറാനായിരുന്നു പദ്ധതി. സിസിടിവി കണ്ടതോടെ അത് മറയ്ക്കാനും ശ്രമം നടത്തി. ആളനക്കം നോട്ടിഫിക്കേഷൻ കിട്ടിയ സുനിൽ ബാബു യുഎഇയിൽ ഇരുന്ന് ഇത് ലൈവായി കാണുന്നുണ്ടായിരുന്നു. ഉടൻ കൊളവല്ലൂർ പോലീസിനെയും അയൽവാസിയെയും വിവരം അറിയിച്ചു. അയൽവാസി പുറത്തിറങ്ങി നോക്കിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തുകയറാൻ ഇവർക്ക് കഴിഞ്ഞില്ല. വീടിന്റെ പിൻഭാഗത്തുള്ള പൂട്ട് പൊളിച്ച നിലയിലാണുള്ളത്.കമ്പിപ്പാര സമീപത്ത് കണ്ടെത്തി. ഒരാൾ ടീഷർട്ടും പാന്റ്സും ധരിച്ച് മുഖം ടവൽകൊണ്ട് മറച്ച നിലയിലാണ്. വീടിന്റെ മുൻഭാഗത്തെ ഗേറ്റ് അടച്ചിട്ട നിലയിൽത്തന്നെയാണ്. ഗൾഫിലുള്ള സുനിൽകുമാറും ഭാര്യ ജിഷയും ഏതാനും മാസംമുൻപാണ് നാട്ടിൽ വന്നത്. നേരത്തേയും വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)