യുഎഇയിൽ അണ്ണാൻ ശല്യം വർദ്ധിക്കുന്നു: താമസക്കാർക്ക് മുന്നറിയിപ്പ്
യുഎഇയിലെ പൊതുപാർക്കുകളിൽ കണ്ടിരുന്ന അണ്ണാനുകളിപ്പോൾ റെസിഡൻഷ്യൽ ഏരിയകളിലും പെരുകുന്നു. കേബിൾ വയറുകൾ, പൂന്തോട്ടങ്ങൾ, പച്ചക്കറികൾ, ഫാമിലെ വിളകൾ തുടങ്ങിയവയ്ക്കെല്ലാം കേടുപാടുകൾ സംഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ണാൻ ശല്യത്തിന് പരിഹാരം കാണണമെന്നാണ് താമസക്കാർ പൊതുജനാരോഗ്യ-പരിസ്ഥിതി അധികാരികളോട് അഭ്യർത്ഥിക്കുന്നത്. ദുബായിലെ അൽ ബർഷ ഏരിയയിൽ താമസിക്കുന്ന ഖോലൂദ് തന്റെ മരങ്ങളിലെ മാമ്പഴങ്ങളും പഴങ്ങളും അത്തിപ്പഴങ്ങളുമെല്ലാം അണ്ണാൻ തിന്നുന്നെന്ന പരാതിയുമായി ദുബായ് മുനിസിപ്പാലിറ്റിയെ സമീപിച്ചിരുന്നു. അധികൃതർ കെണിവച്ച് അവയെ പിടികൂടി. ഇപ്പോൾ തന്റെ ഫലങ്ങൾ സുരക്ഷിതമായി വളരുമെന്ന ആശ്വാസത്തിലാണ് ഖോലൂദ്. അതേസമയം സമീപത്തുള്ള എമിറാത്തിയായ ഹലീമയ്ക്ക് അണ്ണാൻ വന്ന് വിളകൾ നശിപ്പിക്കുന്നതിൽ പരാതിയില്ലായിരുന്നു. എന്നാൽ അണ്ണാൻ കരണ്ടുതിന്നുന്നത് മൂലം തന്റെ കേബിളുകൾക്ക് കേടുപാട് സംഭവിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അവർ പറഞ്ഞു. അണ്ണാനെ കെണിവച്ച് പിടിച്ച് ദൂരസ്ഥലത്ത് വിട്ടയക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടെന്നും ഇപ്പോൾ കേബിളുകൾക്ക് കേടുപാട് സംഭവിച്ചോയെന്ന് സ്ഥിരമായി പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും ഹലീമ പറഞ്ഞു. ചിലർ പശ ബോർഡുകൾ വച്ചെല്ലാം അണ്ണാനെ പിടികൂടുന്നുണ്ട്. ‘എ നാച്ചുറൽ ഹിസ്റ്ററി ഓഫ് എമിറേറ്റ്സ്’ എന്ന കൃതിയിൽ ജാക്കി ജൂദാസ് യു.എ.ഇയിലെ അണ്ണാൻമാരുടെ ഉത്ഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വടക്കൻ പാം അണ്ണാൻ പടിഞ്ഞാറൻ ഏഷ്യയിലെ (ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ) തദ്ദേശീയ പ്രദേശങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വളർത്തുമൃഗങ്ങളുടെ വ്യാപാരത്തിൽ ഇറക്കുമതി ചെയ്തതാകാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. റാസൽഖൈമയിലെ താമസക്കാരാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ അണ്ണാൻ പെരുകുന്നതും കൃഷിക്ക് കാര്യമായ നാശം വരുത്തുന്നതും ആദ്യം ശ്രദ്ധിച്ചത്. അണ്ണാൻ ശല്യം മൂലം കീടനാശിനികളുടെ ഉപയോഗം വരെ നടത്തേണ്ടി വന്നു. അണ്ണാൻ ശല്യം പരിഹരിക്കാൻ ആദ്യം, വീടിന് പുറത്ത് വയ്ക്കുന്ന ഭക്ഷണവും ജലസ്രോതസ്സുകളും നീക്കം ചെയ്യുകയെന്നതാണ്. കൂടാതെ വീട്ടിലെ എൻട്രി പോയിൻ്റുകൾ അടച്ച് ട്രാഷ് ബിന്നുകൾ ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അണ്ണാന്റെ കാഷ്ഠത്തിലൂടെയും മൂത്രത്തിലൂടെയും രോഗങ്ങൾ പകരുമെന്നും വിളകൾക്കും ചെടികൾക്കും നാശമുണ്ടാക്കുമെന്നും റെൻ്റോകിൽ ബോക്കറിലെ ടെക്നിക്കൽ, എച്ച്എസ്ഇ മാനേജർ ദിനേഷ് രാമചന്ദ്രൻ പറഞ്ഞു. അണ്ണാനുകൾ ഭക്ഷണം ആകർഷിക്കപ്പെട്ടുവരും. ആ സാഹചര്യം നിരുത്സാഹപ്പെടുത്തണം. വീടുകളിൽ പൂച്ചെടികളും വിളകളും ഉണ്ടെങ്കിൽ ചൂടുള്ള കുരുമുളക് പോലുള്ള പ്രകൃതിദത്ത സ്പ്രേകൾ പ്രയോഗിക്കുന്നത് താമസക്കാർക്ക് പരിഗണിക്കാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)