യുഎഇയിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി, കൊടുംചൂടിൽ ഭക്ഷണമില്ലാതെ തെരുവിലായി 7 ജീവനക്കാർ
ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ ദുരിതത്തിൽ. ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിൻറിങ് തൊഴിലാളികളാണ് ഭക്ഷണം പോലുമില്ലാതെ തെരുവിൽ കഴിയേണ്ടി വന്നത്. ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. ദുബായ് ലേബർ കോടതിയിലും പരാതി നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ നൽകിയാണ് ഇവർ സന്ദർശക വിസയിൽ എട്ട് മാസം മുമ്പ് യുഎഇയിലെത്തിയത്. തിരുച്ചി, തിരുനൽവേലി, രാമനാട് സ്വദേശികളായ ഇവർ പെയിൻറിംഗ് ജോലിയായിരുന്നു ചെയ്തിരുന്നത്. താമസം മാത്രമാണ് തൊഴിലുടമ നൽകിയിരുന്നത്. ആദ്യമെല്ലാം ശമ്പളം നൽകിയെങ്കിലും പിന്നീട് അതും ഇല്ലാതെയായി. ചോദിക്കുമ്പോൾ നൂറോ ഇരുന്നൂറോ ദിർഹം മാത്രം നൽകും. അതോടെ തൊഴിലാളികളും അവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലായി. ഈ മാസം 3 വരെ ഇവർ ജോലി ചെയ്തിട്ടുണ്ട്. 4ന് ലേബർ കോടതിയെ സമീപിച്ച് ശമ്പള കുടിശ്ശിക ലഭിക്കാനും പാസ്പോർട്ട് തിരികെ ലഭിക്കാനും പരാതി നൽകി. ഇവർക്കൊപ്പം തമിഴ്നാട്ടിൽ നിന്ന് വന്നവരിൽ മൂന്ന് പേർ സന്ദർശക വിസ കാലാവധി തീർന്നതിനെ തുടർന്ന് തിരിച്ചുപോയി. കൂടാതെ ഇവർക്ക് ഒപ്പമുണ്ടായിരുന്ന നാല് പേരെ കമ്പനി ജോലിക്ക് വിളിച്ചു. എന്നാൽ 7 തൊഴിലാളികളെ ജോലിക്ക് വിളിച്ചതുമില്ല. താമസ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. മുഹൈസിന വ്യവസായ മേഖലയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരാഴ്ചയായി ഇവർ ഭക്ഷണത്തിന് പോലും വകയില്ലാതെ അലയുന്നു. ഇവരെ വഴിയിൽ കാണുന്ന പരിചയക്കാരും ഇമാൻ എന്ന സംഘടനയുമാണ് ഇവരെ സഹായിക്കുന്നത്. തൊഴിലുടമ മുങ്ങിയെങ്കിലും സൂപ്പർവൈസറുടെ നിയന്ത്രണത്തിൽ കമ്പനി പ്രവർത്തനം തുടരുന്നുണ്ട്. കമ്പനി സൂപ്പർവൈസറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഇവർ ഏഴ് പേരുടെയും നമ്പർ ബ്ലോക്ക് ചെയ്തെന്നും കമ്പനിയുടെ പുതിയ ഓഫിസ് എവിടെയെന്ന് അറിയാത്തതിനാൽ നേരിട്ട് അന്വേഷിക്കാൻ സാധിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. യാത്രാ ചെലവിന് പോലും പണമില്ലാത്തതിനാൽ മുഹൈസിന മുതൽ ഖിസൈസ് വരെ കാൽനട യാത്ര ചെയ്താണ് ദുബായ് തൊഴിൽ കോടതിയിൽ പരാതി നൽകിയത്. കൊടുംചൂടിൽ ഇല്ലാതായിപ്പോവുമെന്ന അവസ്ഥയിൽ നാട്ടിലെത്തിയാൽ മതിയെന്നാണ് ഇവരുടെ ആഗ്രഹം. ഏതെങ്കിലും നല്ല കമ്പനികൾ ജോലിയും വീസയും നൽകുകയാണെങ്കിൽ യുഎഇയിൽ തന്നെ തുടരാനും താത്പര്യമുണ്ടെന്നും തൊഴിലാളികൾ പറയുന്നു. ബന്ധപ്പെടേണ്ട നമ്പർ: +971 56 450 4543 (സുരേഷ് കുമാർ).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)