Posted By user Posted On

കേരളത്തിലും ഇനി വിമാനയാത്രക്കാർ ക്യൂ നിന്ന് സയമം കളയേണ്ട; ഇമി​ഗ്രേഷൻ 20 സെക്കൻഡിനുള്ളിൽ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇമി​ഗ്രേഷൻ ഇരുപത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാം. ഉദ്യോ​ഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം സജ്ജമാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമി’ൻറെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്കായി ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. തിങ്കളാഴ്ച ട്രയൽ തുടങ്ങും. ഓ​ഗസ്റ്റിലായിരിക്കും സംവിധാനം പ്രവർത്തനസജ്ജമാക്കുക.

ഡൽഹി വിമാനത്താവളത്തിൽ കഴിഞ്ഞ മാസം ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലേനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സാധിക്കുക. ഈ സംവിധാനം ഉപയോ​ഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബയോമെട്രിക് എൻറോൾമെൻറ് നടത്തുകയും വേണം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും സജ്ജമാണ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമന-പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട് ഗേറ്റുകളിലൂടെ കടന്നുപോകാം. സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ​ഗേറ്റുകൾ ഉടൻ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻഡാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻഡിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് ഇതി​ന്റെ നടത്തിപ്പ് ചുമതലയുള്ളത്. ഉദ്യോ​ഗസ്ഥരുമായുള്ള അഭിമുഖമോ രേഖകൾ പൂരിപ്പിക്കുകയോ ഒന്നും തന്നെ ആവശ്യമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിയ്ക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *