യുഎഇ പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി കാസിം പിള്ള അന്തരിച്ചു
യു.എ.ഇ പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി കാസിം പിള്ള അന്തരിച്ചു. 81 വയസായിരുന്നു. .ദുബൈ സിലിക്കൺ ഒയാസിസിലെ വസതിൽ ആയിരുന്നു അന്ത്യംതിരുവനന്തപുരം ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയായിരുന്ന ഇദ്ദേഹം56 വർഷം ദുബൈ കസ്റ്റംസിൽ പ്രവർത്തിച്ചു. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ കസ്റ്റംസിൽ ജീവനക്കാരനായത്.പിന്നീട് ദുബൈ കസ്റ്റംസ് ആൻഡ് പോർട്സിൻറെ വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ചു. വകുപ്പിൻറെ വളർച്ചക്ക് വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തിന് അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമുമായി അടുത്ത ബന്ധമുണ്ടായിരുന്നു.2008ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ നിർദേശപ്രകാരമാണ് യു.എ.ഇ പൗരത്വം ലഭിച്ചത്. കസ്റ്റംസിൽനിന്ന് വരമിച്ചശേഷം സർവിസിലേക്ക് തിരിച്ചുവിളിച്ച് കാസിം പിള്ളയുടെ സേവനം അധികൃതർ വീണ്ടും ഉപയോഗപ്പെടുത്തിയിരുന്നു.പരേതരായ എൻ. ഇസ്മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലിഹത്ത് കാസിം. മക്കൾ: ഡോ. സുഹൈൽ (യു.എസ്), സൈമ കാസിം (ന്യൂസിലൻഡ്), സൈറ കാസിം (ഇന്തോനേഷ്യ). സിനിമാതാരം പ്രേംനസീറിൻറെ പേരക്കുട്ടിയായ രേഷ്മ സുഹൈൽ മരുമകളാണ്. ഖബറടക്കം ശനിയാഴ്ച അസ്ർ നമസ്കാരാനന്തരം അൽഖൂസ് ഖബർസ്ഥാനിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)