വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണ 150 ആയി, കാണാതായവർക്കുവേണ്ടി തിരച്ചിൽ, ഉള്ളുലയ്ക്കുന്ന കാഴ്ച
നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 150 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം. നിലവിൽ അട്ടമലയിലെ ഒരു മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്നാണ് വിവരം. മുണ്ടക്കൈ മേഖലയിൽ ഇപ്പോൾ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. എങ്കിലും ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. പുഴയിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുകയാണ്.800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 3069 പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ പുലർച്ചെ ആരംഭിക്കുന്ന രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)