യുഎഇയിലെ അതികഠിനമായ ചൂടിൽ, വീട്ടിൽ ആളില്ലാത്തപ്പോൾ എസി ഓൺ ചെയ്യണോ? വിശദമായി അറിയാം
യുഎഇയിൽ കനത്ത ചൂടിൽ എസിയില്ലാതെ കഴിയുന്നത് ദുഷ്കരമാണ്. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. നാട്ടിലേക്ക് അവധിക്ക് പോകുന്നവർ മുറിയിലെ എസി ഓഫാക്കണമെന്നും അങ്ങനെ ഓഫാക്കരുതെന്നും പലരും പറയുന്നുണ്ട്. യുഎഇയിലെ വൈദ്യുത വകുപ്പ് അധികൃതർ എസി ഓഫാക്കണമെന്നാണ് നിർദേശിക്കുന്നത്. സ്ഥിരമായി എസി ഓണാക്കിയിടുന്നതു മൂലമുണ്ടാകുന്ന ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും മറ്റ് അപകടങ്ങളുണ്ടാകുന്നത് തടയാനും എസി ഓഫ് ചെയ്തിടുന്നതാണ് നല്ലതെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ അഭിപ്രായപ്പെടുന്നത്.
അതേസമയം കുറച്ചധികംനാൾ എസി പ്രവർത്തിക്കാതിരിക്കുമ്പോൾ മുറികളിൽ ചൂടും ആർദ്രതയും വർധിക്കാനും വീട്ടിലെ ഉപകരണങ്ങൾക്കും വസ്തുവകകൾക്കും കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട്. അവധിക്ക് ശേഷം തിരിച്ചെത്തുമ്പോൾ കേടുപാടു വന്ന വസ്തുക്കൾ നന്നാക്കിയെടുക്കാൻ നല്ലൊരു തുക ചെലവാക്കേണ്ടി വരും. ഇത് എസി ഓണാക്കിയിട്ട് വരുന്ന ബില്ലിനേക്കാൾ ഉയർന്നതായിരിക്കുമെന്ന് യുഎഇയിലെ താമസക്കാരനായ മഗല്ലി അഭിപ്രായപ്പെടുന്നുണ്ട്. സമാനമായി മുറിയിൽ ആളില്ലെങ്കിലും എസി ഓഫ് ചെയ്യാറില്ലെന്നാണ് ദുബായിലെ താമസക്കാരനായ മ്യാൻമർ സ്വദേശി ഷുൻ ഖിൻ ഷുൻ ലേ താ പറയുന്നത്. പതിനാറുവർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാഴ്ചയിൽ കൂടുതൽ എസി പ്രവർത്തിക്കാതെയിരിക്കുകയും മുറികൾ അടച്ചിടുകയും ചെയ്യുമ്പോൾ ചുവരുകളിലും ഫർണിച്ചറുകളിലും മറ്റും പൂപ്പൽ പിടിക്കാൻ സാദ്ധ്യതയുണ്ട്. ഇതുമൂലം വസ്തുക്കളും ഉപകരണങ്ങളും മാറ്റേണ്ടി വരുകയും ചിലപ്പോൾ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ഹിഷാം ജാബറും റെന്റോകിൽ ബോക്കറിലെ ടെക്‌നിക്കൽ ആൻഡ് എസ്എച്ച്ഇ മാനേജരായ ദിനേശ് രാമചന്ദ്രനും പറയുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, എസിക്ക് വേണ്ടതായ അറ്റകുറ്റപ്പണികളെല്ലാം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. ഫിൽറ്ററുകളും എസിയുടെ ഔട്ട്‌ഡോർ യൂണിറ്റുകളും ക്ലീൻ ചെയ്യുകയും ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടോ എന്ന് ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ കണ്ടെത്തുകയും വേണം. മുറികൾക്കുള്ളിലേക്ക് പുറത്തുനിന്ന് ചൂട് കടക്കാനുളള വഴികൾ ഉണ്ടെങ്കിൽ അതൊഴിവാക്കാനും ശ്രദ്ധിക്കണം. ഈ കാര്യങ്ങൾ ഉറപ്പുവരുത്തി മാത്രമേ നാട്ടിലേക്ക് അവധിക്കായി പോകുമ്പോൾ എസി ഓൺ ചെയ്തിട്ട് പോകാവൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)