നാട്ടിലെത്തിയിട്ട് ദിവസങ്ങൾ, ലഗേജ് കിട്ടിയില്ലെന്ന പരാതിയുമായി യുഎഇയിലെ പ്രവാസികൾ
അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കെത്തിയ യാത്രക്കാർക്ക് ലഗേജുകൾ കിട്ടിയില്ലെന്ന് പരാതി. ഐ.എക്സ് 718 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്ത് കണ്ണൂർ വിമാനത്താവളത്തിലെത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 29ന് നാട്ടിലെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും ലഗേജ് കിട്ടിയില്ലെന്ന് മാഹി പെരിങ്ങാടി സ്വദേശി ഫൈസല്‍, പയ്യന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ എന്നിവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ബോര്‍ഡിങ് പാസ് ലഭിച്ച യാത്രക്കാര്‍ ഗേറ്റില്‍ കാത്തിരിക്കുമ്പോള്‍ വിമാനം സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം അന്വേഷിച്ചപ്പോൾ ഇരുപത്തഞ്ചോളം പേര്‍ക്ക് താല്‍പര്യമെങ്കില്‍ മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ പോകാമെന്നും, അതില്‍ 10 ഫാമിലികള്‍ക്കാണ് മുന്‍ഗണനയെന്നും വിമാന കമ്പനിയധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 10 ഫാമിലികളും ഏതാനും യാത്രക്കാരും പുലര്‍ച്ചെ 1ന് മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ യാത്രതിരിച്ചു. ലഗേജ് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിക്കുമെന്നാണ് വിമാന അധികൃതർ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബോര്‍ഡിങ് പാസും ലഗേജും ഷിഫ്റ്റായി എന്ന മെസേജും ലഭിച്ചിരുന്നു. എന്നാൽ മംഗലാപുരത്ത് ലഗേജ് എത്തിയിരുന്നില്ല. ഒരു മണിക്കൂർ കാത്തിരുന്നു. അന്വേഷിച്ചപ്പോൾ കണ്ണൂരിലേക്ക് എത്തിക്കുമെന്നായി അധികൃതരുടെ മറുപടി. എന്നാൽ കണ്ണൂർ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിക്കുമെന്നായിരുന്നു ഉത്തരം. എന്നാൽ മൂന്ന് ദിവസമായിട്ടും യാതൊരു വിവരവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. എയർപോർട്ടിൽ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നും വിഷയത്തിൽ ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)