Posted By user Posted On

യുഎഇ പൊതുമാപ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

2018ന് ശേഷം യുഎഇ ഭരണകൂടം വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് നിയമപരമായ രേഖകളില്ലാതെ താമസിക്കുന്നവർക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ വർഷം സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി പ്രാബല്യത്തിലുണ്ടാകുക. ഈ കാലയളവിൽ താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനാ​ഗ്രഹിക്കുന്നവർക്ക് യുഎഇയിൽ കഴിയാനും മാതൃരാജ്യത്തേക്ക് തിരിച്ച് പോകാനാ​ഗ്രഹിക്കുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടാനും സാധിക്കും. പദ്ധതി നടപ്പാക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഡിജിആർഎഫ്എ ആരംഭിച്ചുകഴിഞ്ഞു. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവീസസ്, പ്രോആക്ടീവ് മീഡിയ കമ്മ്യൂണിക്കേഷൻ, സർവീസസ് ഡെവലപ്‌മെൻറ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.

പൊതുമാപ്പ് നേടുന്നതെങ്ങനെ?
യുഎഇയിൽ വിസയോ എമിറേറ്റ്സ് ഐഡി ഇല്ലാതെയോ കമ്പനിയിൽ നിന്നും സ്പോൺസറുടെ അടുത്തു നിന്നും ഒളിച്ചോടി (അബ് സ്കോൻഡിങ്) ആയി താമസിക്കുന്നയാർക്കും പിഴ കൂടാതെ മറ്റൊരു വിസയിലേക്ക് മാറാനോ മാതൃരാജ്യത്തേക്ക് മടങ്ങാനോ പൊതുമാപ്പ് അവസരം നൽകും. നിശ്ചയിച്ച സമയത്തിനുള്ളിൽ ഇതിനായി അപേക്ഷ നൽകുകയും ഔട്ട്പാസ് നേടി രാജ്യം വിടേണ്ടതുമുണ്ട്. പാസ്പോർട്ടുള്ളവർ അതുമായോ, ഇല്ലെങ്കിൽ അതിൻറെ പകർപ്പ്, കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിയോ, അതിൻറെ പകർപ്പോ, മറ്റു കമ്പനി രേഖകളോ ഉണ്ടെങ്കിൽ അതുമായി ഔട്ട്പാസ് കേന്ദ്രങ്ങളിലെത്തി അപേക്ഷകൾ നൽകാവുന്നതാണ്. സെപ്തംബർ ഒന്നിന് കേന്ദ്രങ്ങൾ തുറക്കും. ആദ്യഘട്ടത്തിൽ തന്നെ നടപടികൾ ആരംഭിക്കുന്നതാണ് നല്ലത്. വിസ കാലാവധി തീർന്ന വ്യക്തിക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. യാതൊരു തരത്തിലുള്ള യാത്രാ വിലക്കും നേരിടേണ്ടി വരുകയില്ല. പിന്നീട് എപ്പോൾ വേണമെങ്കിലും പുതിയ വിസയിൽ യുഎഇയിലേക്ക് തിരികെ വരാനും സാധിക്കും. അതേസമയം കുറ്റകൃത്യങ്ങളെ തുടർന്ന് നാടുകടത്താൻ വിധിക്കപ്പെട്ടവർ, ജാമ്യം നേടിയിട്ടും ഹാജരാകാതെ ഒളിച്ചുകഴിയുന്നവർക്കൊന്നും പൊതുമാപ്പിലൂടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സാധിക്കില്ല.

കേസുകളിൽ ഉൾപ്പെട്ടവർക്കും പരിഹാരമുണ്ട്
ഇന്ത്യക്കാരുടെ നിയമപ്രശ്നങ്ങളിലധികവും വരുന്നത് ക്രെഡിറ്റ് കാർഡ് വായ്പാ തവണകൾ അടയ്ക്കാതെ വരുന്നതും ചെക്ക് മടങ്ങുന്നതുമായ കേസുകളാണ്. പല തരത്തിലുള്ള കേസുകളിൽപ്പെട്ടവർക്ക് വിസ കാലാവധിക്ക് ശേഷം അത് പുതുക്കാൻ സാധിക്കാറില്ല. ഏതെങ്കിലും കേസിൽപ്പെട്ട് അറസ്റ്റ് വാറണ്ട് ഉള്ളപ്പോൾ വീസയുടെ സ്റ്റാറ്റസ് ചേഞ്ച് ആക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ വിസ പുതുക്കുക, ക്യാൻസൽ ചെയ്യുക, പുതിയ വിസയിലേക്ക് മാറുക തുടങ്ങിയവയ്ക്കൊന്നും സാധിക്കില്ല. കേസ് ഉള്ളതുകൊണ്ട് യാത്രാവിലക്കും നേരിടേണ്ടി വരും. പൊതുമാപ്പിൽ വിസയുടെ ഓവർസ്റ്റേ മാറ്റി അതു പുതുക്കാനും അല്ലെങ്കിൽ പുതിയ വീസയിലേയ്ക്ക് മാറാനും സാധിക്കും.

വിസയിൽ മാറ്റം വരുത്താം
യുഎഇയിൽ ടൂറിസ്റ്റ്, ജോബ് സീക്കർ വിസിറ്റ്, എംപ്ലോയ്മെൻറ്, റസിഡൻഷ്യൽ, പാർട്ണർഷിപ്പ്, ഇൻവെസ്റ്റർ വീസകളാണ് നിലവിലുള്ളത്. രാജ്യത്ത് ടൂറിസ്റ്റ് വിസയിലെത്തി ജോലി അന്വേഷിക്കുകയും കിട്ടാതെ വന്നതോടെ വിസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ കഴിയുന്നത് നിരവധി പേരാണ്. രാജ്യം അനുവദിച്ചിരിക്കുന്ന ഏത് വിസയുടെയും കാലാവധി അവസാനിക്കുകയാണെങ്കിൽ പിഴയടയ്ക്കാതെ തന്നെ പുതുക്കുകയോ വേറെ വീസയിലേക്ക് മാറുകയോ ചെയ്ത് പുതിയ ജോലിയോ ബിസിനസോ ചെയ്ത് യുഎഇയിൽ നിയമപരമായി താമസിക്കാൻ പൊതുമാപ്പ് സഹായിക്കും.

നടപടിക്രമങ്ങൾ ആരംഭിക്കുക
സെപ്തംബറിലാണ് പൊതുമാപ്പ് ആരംഭിക്കുന്നതെങ്കിലും താമസരേഖകൾ ശരിയാക്കാനാവശ്യമായ രേഖകൾക്കായി ഇപ്പോഴേ ശ്രമിക്കുന്നതാണ് നല്ലത്. ഈ സമയത്തിനുള്ളിൽ കൊടുക്കാനുള്ള ബാങ്കിൻറെയും വ്യക്തിയുടെയോ കമ്പനിയുടെയോ തുകയുടെ പേരിലുള്ള സിവിൽ കേസിൻറെ ടോട്ടൽ എമൗണ്ടിൻറെ 30% കോടതിയിൽ അടച്ചാൽ നിങ്ങൾക്ക് അറസ്റ്റ് റിമൂവ് ചെയ്ത് വീസ അടിക്കാൻ സാധിക്കും. 30% തുക അടയ്ക്കാൻ നിർവാഹമില്ലെങ്കിൽ 10– 15% അടച്ച് ജോലി നഷ്ടപ്പെട്ടതിൻറെയോ ബാങ്ക് ബാലൻസ് സ്റ്റേറ്റ്മെൻറിൻറെയോ തെളിവ് നൽകി വിസ അടിക്കാൻ അപേക്ഷ നൽകാം. യുഎഇയിലെ നിയമം അറിയാത്തതിനാൽ യാത്രാ നിരോധനം മാത്രമുള്ള കേസിൽ വിസ പുതുക്കാൻ സാധിക്കില്ലെന്ന് കരുതുന്നവർ നിരവധിയാണ്. കൂടാതെ ക്രിമിനൽ, ലേബർ, ഫാമിലി കേസ് ഏതാണെങ്കിലും ഇവിടെ വിചാരണ നടക്കുന്ന സമയമാണെങ്കിലും ഈ പൊതുമാപ്പ് സമയത്ത് കോടതിയിൽ അപേക്ഷ സമർപ്പിച്ച്, പുതിയ ജോലിയുടെ ഓഫർ ലെറ്റർ കാണിച്ച് വിസ നിയമപരമായി പുതുക്കാനോ മാറാനോ സാധിക്കുന്നതാണ്. വാടക കേസുകളിൽ 20% അടച്ച് വിസ പുതുക്കാൻ സാധിക്കും. 20% അടച്ച് ബാലൻസ് പ്രതിമാസ ഇൻസ്റ്റാൾമെൻറ് ആക്കി വിസ പുതുക്കാം. സിവിൽ കേസിലും വാടക കേസിലും ഡൗൺ പെയ്മെൻറ് അടച്ച് ഇൻസ്റ്റാൾമെൻറ് ആക്കിയതിനു ശേഷം വിസ ക്യാൻസൽ ചെയ്യുകയോ പുതിയ ജോലിയിലേയ്ക്ക് മാറുകയോ ചെയ്യാം. ഇൻസ്റ്റാൾമെൻറ് കറക്ട് ആയി പെയ്മെൻറ് ചെയ്തു എന്തെങ്കിലും എമർജൻസിക്ക് യുഎഇക്ക് പുറത്ത് യാത്ര ചെയ്യണമെങ്കിൽ വേറെ ഒരു പാസ്പോർട്ട് ജാമ്യത്തിൽ വച്ചുകൊണ്ട് പോകാൻ സാധിക്കും. കേസിൻറെ ബാക്കി പേയ്മെൻറിൻറെ ബാധ്യത ജാമ്യത്തിൽ പാസ്പോർട്ട് വച്ച ആളുടെതാകും. ജാമ്യത്തിൽ പോയ വ്യക്തി തിരിച്ചെത്തിയതിന് ശേഷം പാസ്പോർട്ട് മാറ്റിവയ്ക്കാം. കുട്ടികളുടെ വിസാ കാലാവധി കഴിഞ്ഞതു മൂലം വിദ്യാഭ്യാസം മുടങ്ങിയവർക്കും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന കുടുംബങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസമാണ് അനധികൃത വീസ താമസക്കാർക്ക് രണ്ടുമാസത്തെ ഗ്രേസ്പീരിയഡ് പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ താമസിയാതെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *