യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം: മലയാളി യുവാവിനു നേരെ ആക്രമണം; ജാഗ്രത പുലര്‍ത്താൻ നിര്‍ദേശം
യുകെയില്‍ കുടിയേറ്റ വിരുദ്ധ കലാപം പടർന്ന് പിടിക്കുന്നു. മലയാളികൾക്ക് നേരെയും ആക്രമണം അഴിച്ചുവിടുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയും ആക്രമണം നടന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഇത് ചോദ്യം ചെയ്തതിന്റെ പ്രകോപനമായാണ് കൂട്ടം ചേർന്ന് യുവാവിനെ ആളുകൾ ആക്രമിച്ചത്. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂർത്തിയാകാത്തവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്തു സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)