പകർച്ചപ്പനി തടയാം; യുഎഇയിൽ ദേശീയ വാക്സിനേഷൻ, അടുത്തയാഴ്ച മുതൽ തുടക്കം
പകർച്ചപ്പനി തടയുന്നതിൻറെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. വയോധികർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഉൾപ്പെടെ പകർച്ചപ്പനി മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരിലായിരിക്കും കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുക. എമിറേറ്റ് ഹെൽത്ത് സർവിസസ് (ഇ.എച്ച്.എസ്), അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ (എ.ഡി.പി.എച്ച്.സി), ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് അബൂദബി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.ഇതിനായി രാജ്യത്തെ മെഡിക്കൽ പ്രഫഷനലുകളെ ഏറ്റവും പുതിയ അന്തർദേശീയ പ്രതിരോധ രീതികൾ ഉപയോഗിച്ച് സജ്ജമാക്കുകയും ടാർഗറ്റ് ഗ്രൂപ്പുകൾക്കായി വാക്സിൻ കവറേജ് വിപുലീകരിക്കുകയും ചെയ്യും. യു.എ.ഇയിൽ വാർഷിക സീസണൽ വാക്സിനേഷൻ കാമ്പയിൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കാറ്.എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത്. വാക്സിനേഷനിലൂടെ 100 ശതമാനം രോഗ സംരക്ഷണം ഉറപ്പുനൽകുന്നില്ലെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അതിൻറെ ഗുരുതരാവസ്ഥ കുറക്കാൻ കുത്തിവെപ്പ് സഹായകമാവുമെന്നാണ് മന്ത്രാലയത്തിൻറെ വിലയിരുത്തൽ. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിൻറെ പ്രധാന ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)