Posted By user Posted On

അമിത ജോലി സമ്മർദ്ദം മൂലം EYലെ മലയാളി ജീവനക്കാരിയുടെ ആത്മഹത്യ; പരാതിയിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ (EY) ജോലിക്ക് കയറി 4 മാസത്തിനകം മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ അമിതജോലി ഭാരത്താൽ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പെൺകുട്ടിയുടെ അമ്മ ജോലി സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടത്. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ (26) ആണ് പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.

കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ചൂഷണവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവുമാണോ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കാൻ നിർദേശം നൽകി. അന്ന സെബാസ്റ്റ്യന്റെ മരണം കടുത്ത ദുഃഖമുണ്ടാക്കുന്ന സംഭവമാണ്. അവർക്ക് നീതി ഉറപ്പാക്കാനായി ഇടപെടൽ നടത്തുമെന്നും മന്ത്രി എക്സി​ലെ പോസ്റ്റിലൂടെ ഉറപ്പ് നൽകി. അതേസമയം, അന്നയുടെ അന്നയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും EY അധികൃതരും വ്യക്തമാക്കി.

അമിത ജോലിയെ മഹത്വവത്ക്കരിക്കുന്ന സ്ഥാപനത്തെ അപലപിക്കുകയും കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്‍റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്നും, ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് കത്തില്‍ അനിത പറയുന്നു. ‘‘മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. അമിത ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അവളെ ഏല്‍പ്പിച്ചിരുന്നു. അത്തരം ജോലികള്‍ ഏറ്റെടുക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. പക്ഷേ മാനേജര്‍മാര്‍ യാതൊരു ദയയുമില്ലാതെ അവളെക്കൊണ്ട് അത് ചെയ്യിപ്പിച്ചിരുന്നു. വാരാന്ത്യങ്ങളില്‍ പോലും വിശ്രമമില്ലാതെ മകള്‍ ജോലി ചെയ്തു’ അനിത അഗസ്റ്റിന്‍ ആരോപിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *