യുഎഇ തൊഴിൽനഷ്ട ഇൻഷുറൻസിൽ അംഗങ്ങൾ 80 ലക്ഷം കടന്നു; അംഗത്വമെടുക്കാത്തവർക്ക് പിഴ
ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി കഴിഞ്ഞ ജനുവരിയിൽ രാജ്യവ്യാപകമായി നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയമാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.തൊഴിലാളികൾക്ക് താങ്ങാവുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടാൽ നിശ്ചിത കാലാവധി വരെ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹം വെച്ച് വർഷത്തിൽ പരമാവധി 60 ദിർഹമാണ് പ്രീമിയം തുക.ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. നിലവിലെ ഇൻഷുറൻസ് സ്ക്രീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ.സ്വന്തമായി ബിസിനസ് നടത്തുന്നവർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ളവർ, റിട്ടയറായ ശേഷം പുതിയ ജോലി ചെയ്യുന്നവർ എന്നിവരെ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഴ ഒഴിവാക്കുന്നതിനായി യോഗ്യരായ എല്ലാ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സാമ്പത്തികമായ സുരക്ഷയുടെ ഗുണങ്ങൾ നേടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)